ന്യൂഡല്‍ഹി: ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും അതിന് എന്ത് വിലകൊടുക്കാനും താന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ ശക്തമായ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്. അപകീര്‍ത്തി കേസില്‍ ഗുജറാത്ത് കോടതി രാഹുലിനെ കുറ്റക്കാരനായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് രാഹുലിനെ അയോഗ്യനായി പ്രഖ്യാപിച്ചത്.
ജനപ്രാതിനിധ്യ നിയമം 151 A അനുശാസിക്കുന്നത് ഒരു വര്‍ഷമോ അതില്‍ കൂടുതലോ കാലാവധി അവശേഷിക്കെ ഒരു മണ്ഡലത്തില്‍ ഒഴിവ് വന്നാല്‍ അവിടെ ഉപതിരഞ്ഞെടുപ്പ് നടത്തണം എന്നാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 ലാണ്. അതായത് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കുന്നു. സൂറത്തിലെ സിജെഎം കോടതിയുടെ വിധി മേല്‍ക്കോടതി ശരിവെച്ചാല്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകും. സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
मैं भारत की आवाज़ के लिए लड़ रहा हूं।
मैं हर कीमत चुकाने को तैयार हूं।
— Rahul Gandhi (@RahulGandhi) March 24, 2023
ബിജെപിയെ ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്ന രീതിയാണ് നിലവിലെന്നും അദാനിയുടെ കൊള്ള ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുക എന്നത് ബിജെപിയുടെ അജണ്ടയെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. നടപടിയിലൂടെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.