ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ മാനനഷ്ട കേസ് ഉടന്‍ ഫയല്‍ ചെയ്യുമെന്ന് മുന്‍ കേന്ദ്രമന്ത്രി രേണുകാ ചൗധരി. 2018 ഫെബ്രുവരി 7ന് രാജ്യസഭയിലുണ്ടായ ബഹളത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ശൂര്‍പ്പണഖയോട് ഉപമിച്ചു എന്നാണ് രേണുകാ ചൗധരിയുടെ ആരോപണം.
അന്ന് രാജ്യസഭാ അദ്ധ്യക്ഷനായിരുന്ന വെങ്കയ്യാ നായിഡുവിന്റെ ശാസനയെ അംഗീകരിക്കാതെ ചിരിച്ചു കൊണ്ട് നിന്ന രേണുകയെ പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. രാമായണം സീരിയലിന് ശേഷം ആദ്യമായിട്ടാണ് ഇത്തരം ഒരു ചിരി കാണുന്നതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
ഇതുകൊണ്ട് പ്രധാനമന്ത്രി ഉദ്ദേശിച്ചത് ശൂര്‍പ്പണഖയെയാണെന്നാണ് രേണുകയുടെ വാദം. മാനനഷ്ട കേസ് ഉടന്‍ ഫയല്‍ ചെയ്യുമെന്നും കോടതികള്‍ ഇനി എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് കാണാമെന്നും രേണുകാ ചൗധരി ട്വീറ്റ് ചെയ്തു.
രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതി രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് തൊട്ടു പിന്നാലെയാണ് മോഡിക്കെതിരെ കേസ് നല്‍കുമെന്ന പ്രഖ്യാപനവുമായി രേണുകാ ചൗധരി രംഗത്തെത്തിയത്.