മുംബൈപ്രമുഖ ഗായകൻ സോനു നിഗത്തിന്റെ പിതാവിൻറെ വീട്ടിൽ നടന്ന വൻകവർച്ചയിൽ 72 ലക്ഷം കാണാതായെന്ന് പരാതി. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് സംഘം വീട്ടിലെ മുൻ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായിരുന്ന റെഹാൻ എന്നയാളാണ് അറസ്റ്റിലായത്.
ഒഷിവാരയിലെ വിൻഡ്സർ ഗ്രാൻഡ് കെട്ടിടത്തിൽ താമസിക്കുന്ന സോനുവിൻറെ പിതാവ് അഗംകുമാർ നിഗത്തിന്റെ അപ്പാർട്‌മെന്റിൽ നിന്നാണ് 72 ലക്ഷം മോഷണം പോയത്. മാർച്ച് 19നും 20നും ഇടയിലാണ് കവർച്ച നടന്നതെന്ന് പോലീസ് പറഞ്ഞു.
സോനു നിഗത്തിന്റെ ഇളയ സഹോദരി നികിതയാണ് ബുധനാഴ്ച പുലർച്ചെയോടെ മോഷണം സംഭവിച്ചെന്ന പരാതിയുമായി ഒഷിവാര പോലീസ് സ്റ്റേഷനിൽ സമീപിച്ചത്. എട്ടുമാസത്തോളം അഗംകുമാറിന്റെ ഡ്രൈവറായിരുന്നു റെഹാൻ. പിന്നീട് ഇയാളെ ജോലിയിൽ തൃപ്തിയില്ലാത്തതിനാൽ അടുത്തിടെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് വെർസോവ ഏരിയയിലെ നികിതയുടെ വീട്ടിലെത്തി പിന്നീട് വൈകീട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി അഗംകുമാറിന് മനസിലായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരിയിൽ സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപ നഷ്ടമായെന്ന് കണ്ടെത്തിയത്.
തുടർന്ന് മോഷണ വിവരം അഗംകുമാർ മകളെ വിളിച്ച് അറിയിച്ചിരുന്നു. പിന്നാലെ, തൊട്ടടുത്ത ദിവസവും വീട്ടിൽ മോഷണം നടക്കുകയായിരുന്നു. അന്ന് നഷ്ടപെട്ടത് 32 ലക്ഷം രൂപയാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അഗംകുമാറിന്റെ വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പരിശോധനയിൽ മോഷണം നടന്ന രണ്ടു ദിവസവും റെഹാൻ ബാഗുമായി അഗംകുമാറിന്റെ ഫ്ളാറ്റിലേക്ക് പോകുന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാളുടെ പക്കൽ ഡ്യൂപ്ലിക്കേറ്റ് താക്കോലുണ്ടായിരുന്നെന്നും പോലീസ് കണ്ടെത്തി.
Discussion about this post