ന്യൂഡല്‍ഹി: മോഡി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചു. കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി.
രാഹുലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. മാനനഷ്ടക്കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകത്തിലെ കോളാറില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മോഡി സമുദായത്തെതിരേയുള്ള രാഹുലിന്റെ പരാമര്‍ശം.
എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോഡി ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശമാണ് വലിയ വിവാദമായത്. ഇത് മോഡി സമുദായത്തില്‍പ്പെട്ടവര്‍ക്ക് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി നേതാവും സൂറത്തില്‍ നിന്നുള്ള എംഎല്‍എയുമായ പൂര്‍ണേഷ് മോഡിയാണ് പരാതി നല്‍കിയത്.
കേസില്‍ വിശദമായി വാദം കേട്ടതിന് പിന്നാലെയാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതി ആവശ്യപ്പെട്ട പ്രകാരം വിധി കേള്‍ക്കാന്‍ രാഹുലും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.