നോയിഡ: ഉസ്‌ബെസ്‌ക്കിസ്ഥാനിൽ ഇന്ത്യൻ മരുന്നുകമ്പനിയുടെ കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം ലോകമെമ്പാടും ചർച്ചയായതോടെ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിക്കുന്ന മരുന്നുകൾ കഴിച്ച കുട്ടികൾക്ക് മരണം സംഭവിച്ചെന്നാണ് റിപ്പോർട്ട്.
മരുന്നുകമ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തിയിരുന്നു. തുടർന്നാണ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയിരിക്കുന്നത്. ഉത്തർപ്രദേശ് ഡ്രഗ്‌സ് കൺട്രോളിങ് ലൈസൻസിങ് അതോറിറ്റിയാണ് ലൈസൻസ് റദ്ദാക്കിയത്.
മാരിയോൺ ബയോടെക് നിർമിച്ച ഡിഒകെ-I എന്ന സിറപ്പാണ് ഉസ്‌ബെക്കിസ്താനിലെ കുട്ടികളുടെ മരണത്തിന് കാരണമായത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഡിസംബറിലാണ് കമ്പനിക്കെതിരെ ആരോപണം ഉയർന്നത്. ഇതിന് പിന്നാലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കമ്പനിക്ക് സിറപ്പ് നിർമിക്കാനാവില്ലെന്ന് അധികൃതർ അറിയിച്ചു.
അന്വേഷണസംഘം പ്രാഥമിക അന്വേഷണത്തിൽ തന്നെ മാരിയോൺ ബയോടെക്കിൽ നിന്നു കണ്ടെടുത്ത സിറപ്പിൽ മായം ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. മരുന്ന് ഗുണനിലവാരമില്ലാത്തത് ആണെന്നും അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്ന് ചണ്ഡിഗഡിലെ സർക്കാർ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ 22 മരുന്നുകൾ ശരിയായ മാനദണ്ഡവും നിലവാരവും പുലർത്തുന്നില്ലെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് ശക്തമായ നടപടിയിലേക്ക് കടന്നിരിക്കുന്നത്.