ന്യൂഡല്‍ഹി: 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബിജെപിക്കെതിരായി പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഒരുമിച്ചിരുന്ന് ചായ കുടിച്ചോ ഭക്ഷണം കഴിച്ചതുകൊണ്ടോ ഐക്യമുണ്ടാകില്ല. ബിജെപിയെ തോല്‍പ്പിക്കാന്‍ അതിന്റെ ശക്തി മനസിലാക്കണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
‘നിങ്ങള്‍ക്ക് ബിജെപിയെ തോല്‍പ്പിക്കണമെങ്കില്‍, നിങ്ങള്‍ അതിന്റെ ശക്തി മനസ്സിലാക്കണം – ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം. ഈ മൂന്നുമാണ് ബിജെപിയെ താങ്ങി നിര്‍ത്തുന്ന തൂണുകള്‍. ഇതില്‍ രണ്ടെണ്ണമെങ്കിലും തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിപക്ഷത്തിന് ബിജെപിയെ വെല്ലുവിളിക്കാനാവില്ലെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിനെതിരെ പോരാടാന്‍ പ്രത്യയശാസ്ത്രങ്ങളുടെ ഒരു കൂട്ടുകെട്ട് ഉണ്ടാകണം. ഗാന്ധിവാദികള്‍, അംബേദ്കറൈറ്റ്സ്, സോഷ്യലിസ്റ്റുകള്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നിങ്ങനെ പ്രത്യയശാസ്ത്രം വളരെ പ്രധാനമാണ്. പക്ഷേ പ്രത്യയശാസ്ത്രത്തെ അന്ധമായി വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നിങ്ങള്‍ പ്രതിപക്ഷ സഖ്യത്തെ പാര്‍ട്ടികളുടെയോ നേതാക്കളുടെയോ കൂടിച്ചേരലായി കാണുന്നു. എല്ലാവരും ഒരുമിച്ച് ഉച്ചഭക്ഷണവും ചായ കുടിക്കാനും ക്ഷണിക്കുന്നു. എന്നാല്‍ പ്രത്യയശാസ്ത്രപരമായ സഖ്യം രൂപീകരിച്ചില്ലെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തതില്‍ നിന്ന് പിന്മാറിയതിനെ കുറിച്ചും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
‘എന്റെ ലക്ഷ്യം കോണ്‍ഗ്രസിന്റെ പുനര്‍ജന്മമായിരുന്നു. അവരുടെ ലക്ഷ്യം തെരഞ്ഞെടുപ്പ് വിജയമായിരുന്നു. അവര്‍ ആഗ്രഹിച്ച രീതിയില്‍ എന്റെ ആശയങ്ങള്‍ നടപ്പിലാക്കാനാകില്ലായിരുന്നു. അതുകൊണ്ടാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ നേട്ടങ്ങളെയും പ്രശാന്ത് കിഷോര്‍ ചോദ്യം ചെയ്തു. ആറ്മാസത്തെ യാത്രക്ക് ശേഷം പാര്‍ട്ടിയില്‍ എന്ത് മാറ്റം വന്നു? വെറുതെ കുറേ നടന്നിട്ട് കാര്യമില്ല. അതിലുണ്ടായ ചെറിയ വ്യത്യാസം പോലും വോട്ടാക്കി മാറ്റാന്‍ സാധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഹാറില്‍ ജനസുരാജ് എന്ന പേരില്‍ യാത്ര നടത്തുകയാണ് പ്രശാന്ത് കിഷോര്‍. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ ആ പ്രദേശത്തെക്കുറിച്ച് മനസിലാക്കാനാണ് ഞാന്‍ യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post