ബിജെപിക്ക് തിരിച്ചടി; മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് ജെഡിയു

ബില്ലില്‍ രാജ്യസഭയില്‍ വോട്ടെടുപ്പുണ്ടായാല്‍ എതിര്‍ത്ത് വോട്ട് ചെയ്യാനും ജെ.ഡി.യു തീരുമാനിച്ചു

മുത്തലാഖ് ബില്ലില്‍ ബി.ജെ.പി നിലപാടിനെതിരെ തുറന്നടിച്ച് സഖ്യകക്ഷിയായ ജെ.ഡി.യു. ചര്‍ച്ച ചെയ്യാതെ തിടുക്കപ്പെട്ടാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്നാണ് ജെ.ഡി.യു നിലപാട്. ബില്ലില്‍ രാജ്യസഭയില്‍ വോട്ടെടുപ്പുണ്ടായാല്‍ എതിര്‍ത്ത് വോട്ട് ചെയ്യാനും ജെ.ഡി.യു തീരുമാനിച്ചു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്ന പുരുഷന് തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതുമായ ബില്‍ ഒരു നിലക്കും പാസാക്കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ലോക്‌സഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ ബില്‍ പാസ്സാക്കി. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ മറ്റ് കക്ഷികളുടെ പിന്തുണയുണ്ടെങ്കിലേ ബില്‍ പാസ്സാവൂ. അതിനിടെ സഖ്യകക്ഷിയായ ജെ.ഡി.യു തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയത് ബി.ജെ.പിക്ക് തിരിച്ചടിയായി.

വേണ്ടത്ര ചര്‍ച്ചയില്ലാതെ തിടുക്കപ്പെട്ട് തയ്യാറാക്കിയതാണ് മുത്തലാഖ് ബില്ലെന്ന് ജെ.ഡി.യു നേതാവ് വസിഷ്ട നാരായണ്‍ സിംഗ് കുറ്റപ്പെടുത്തി. കൂടുതല്‍ കൂടിയാലോചനകള്‍ നടത്തേണ്ടതായിരുന്നു. ഈ ബില്‍ അനാവശ്യമാണ്. രാജ്യസഭയില്‍ ബില്‍ വോട്ടിനിട്ടാല്‍ തങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിവിധ വിഷയങ്ങളിലെ സഖ്യകക്ഷികളുടെ എതിര്‍പ്പ് ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.

ബിഹാറിലെ സീറ്റ് വിഭജന തര്‍ക്കത്തിന് പിന്നാലെ കേന്ദ്രമന്ത്രിയായിരുന്ന ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി എന്‍.ഡി.എ സഖ്യം വിട്ടിരുന്നു. ബിഹാറില്‍ രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും ജെ.ഡി.യുവും സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിക്കുന്നില്ലെന്ന് ഇരു പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെയാണ് മുത്തലാഖ് ബില്ലിനെതിരെയും ജെ.ഡി.യു രംഗത്തെത്തിയത്.

Exit mobile version