ന്യൂഡൽഹി: ബലാത്സംഗം ചെയ്യുകയും സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തുവെന്നാരോപിച്ച് ലിവ് ഇൻ പങ്കാളിക്കെതിരെ പരാതി നൽകി 26കാരിയായ യുവതി. ഗുരുഗ്രാമിലാണ് സംഭവം. ഡൽഹി സ്വദേശിയായ യുവതിയാണ് കൂടെ താമസിക്കുന്ന അമുൽ താക്കൂർ എന്ന യുവാവിനെതിരെ പരാതി നൽകിയത്.
അമുൽ താക്കൂറിനൊപ്പം ലിവ്-ഇൻ ബന്ധത്തിലാണ് താൻ താമസിക്കുന്നതെന്നും 2022 മെയിലാണ് യുവാവുമായി പരിചയപ്പെട്ടതെന്നും യുവതി പറഞ്ഞു. വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സമ്മതമില്ലാതെ ചിത്രീകരിച്ചു. ഈ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. വിസമ്മതിച്ചപ്പോൾ ആക്ഷേപകരമായ ഫോട്ടോകൾ എന്റെ മാതാപിതാക്കൾക്ക് അയച്ച് ഭീഷണിപ്പെടുത്തി. അവരെയും വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു.
യുവാവ് തന്റെ നിയമപരമായ രേഖകൾ കൈവശം വെച്ചിരിക്കുകയാണെന്നും തിരികെ നൽകുന്നില്ലെന്നും യുവതി ആരോപിച്ചു. പ്രതി തന്റെ സ്വകാര്യ ഫോട്ടോകൾ മാതാപിതാക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. പരാതിയെത്തുടർന്ന്, താക്കൂറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വസ്തുതകൾ പരിശോധിച്ചുവരികയാണെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും പോലീസ് പ്രതികരിച്ചു.