ന്യൂഡല്‍ഹി: ഓസ്‌കാര്‍ പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരില്‍ കണ്ട് രാം ചരണും ചിരഞ്ജീവിയും. ലോസ് ഏഞ്ചല്‍സില്‍ നിന്നും രാം ചരണ്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഒരു ദേശീയ മാധ്യമം നടത്തിയ കോണ്‍ക്ലേവില്‍ പങ്കെടുക്കാനാണ് ഓസ്‌കാര്‍ ചടങ്ങിന് ശേഷം രാം ചരണ്‍ ഡല്‍ഹിയില്‍ എത്തിയത്.
ഈ ചടങ്ങില്‍ വച്ചാണ് രാം ചരണും മെഗാസ്റ്റാര്‍ ചിരഞ്ജീവിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തിയത്. ചിരഞ്ജീവി വെള്ള വസ്ത്രം ധരിച്ചപ്പോള്‍ രാം ചരണ്‍ കറുത്ത നിറത്തിലുള്ള വേഷത്തിലുമാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ചിരഞ്ജീവി അമിത് ഷായ്ക്ക് സ്‌കാര്‍ഫ് സമ്മാനിച്ചപ്പോള്‍ ആര്‍ആര്‍ആര്‍ നായകനായ രാം ചരണ്‍ അദ്ദേഹത്തിന് പൂച്ചെണ്ടും സമ്മാനിച്ചു.
ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ ചിത്രത്തിലെ നായകനായ രാംചരണിന് അമിത് ഷാ പൊന്നാട സമ്മാനിച്ചു. അവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ചിരഞ്ജീവി പങ്കുവെച്ചു. രാം ചരണിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അഭിനന്ദിക്കുന്ന വേളയില്‍ സാന്നിധ്യമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.
അമിത് ഷായും ഈ കൂടികാഴ്ച സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ ചിരഞ്ജീവിയെയും രാം ചരണിനെയും കണ്ടുവെന്നും. തെലുങ്ക് സിനിമ ഇന്ത്യന്‍ സംസ്‌കാരത്തിനും, സാമ്പത്തിക മേഖലയ്ക്കും വലിയ സംഭാവന നല്‍കുന്നുണ്ടെന്നും. ഓസ്‌കാര്‍ നേട്ടത്തില്‍ രാം ചരണിനെ അഭിനന്ദിച്ചെന്നും അമിത് ഷാ കുറിച്ചു.
അമിത് ഷായുടെ അഭിനന്ദനത്തിന് നന്ദി പറഞ്ഞ് രാം ചരണ്‍ അദ്ദേഹത്തിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. അമിത് ഷായുമായി കൂടികാഴ്ച നടത്താന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണെന്ന് രാം ചരണ്‍ തന്റെ ട്വീറ്റില്‍ കുറിച്ചു.
Truly an honour to meet our Honourable Home Minister @AmitShah Ji at the @IndiaToday Conclave.
Thank you sir for appreciating the efforts of @RRRMovie team 🙏@KChiruTweets https://t.co/YvjdOLzqUk— Ram Charan (@AlwaysRamCharan) March 17, 2023