അഹമ്മദാബാദ്: അച്ഛന്‍ കൊണ്ടുചെന്നാക്കിയ പരീക്ഷാ കേന്ദ്രം മാറിപ്പോയതിനെ തുടര്‍ന്ന് ടെന്‍ഷനടിച്ച് നിന്ന പെണ്‍കുട്ടിയെ ശരിയായ സ്ഥലത്ത്, കൃത്യസമയത്ത് എത്തിച്ച് പോലീസുകാരന്റെ നന്മ. ഗുജറാത്തില്‍ ബോര്‍ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പെണ്‍കുട്ടിയ്ക്കാണ് അബദ്ധം സംഭവിച്ചത്.
അച്ഛന്‍കൊണ്ടുവിട്ട പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയുള്ള ശരിയായ പരീക്ഷാ കേന്ദ്രത്തില്‍ കൃത്യ സമയത്ത് എത്താനാവുമോയെന്ന് ടെന്‍ഷനടിച്ച് നിന്നിരുന്ന പെണ്‍കുട്ടിയ്ക്കാണ് യുവ പോലീസുകാരന്‍ സഹായവുമായി എത്തിയത്.
പരീക്ഷാ കേന്ദ്രത്തിലെത്തി റോള്‍ നമ്പര്‍ പരിശോധിച്ചപ്പോഴാണ് അബദ്ധം പറ്റിയ വിവരം കുട്ടി തിരിച്ചറിയുന്നത്. പിതാവ് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മടങ്ങുക കൂടി ചെയ്തതോടെ പെണ്‍കുട്ടി ടെന്‍ഷനിലായി. സമയത്ത് പരീക്ഷ എഴുതാനാവാതെ ഒരു വര്‍ഷം നഷ്ടമാകുമൊയെന്നോര്‍ത്ത് ഭയന്നിരിക്കുന്ന പെണ്‍കുട്ടിയെ പരീക്ഷാ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ പോലീസുകാരന്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് സംഭവം മനസിലായത്.
പിന്നീട് ഉടന്‍തന്നെ പോലീസ് ജീപ്പുമായി എത്തിയ പോലീസുകാരന്‍ സൈറണ്‍ മുഴക്കി കുട്ടിയ 20 കിലോമീറ്റര്‍ അകലെയുള്ള പരീക്ഷാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. കൃത്യസമയത്ത് ഹാളിലെത്തിച്ച് കുട്ടി പരീക്ഷ എഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണ് പോലീസുകാരന്‍ മടങ്ങിയത്.
ആദര്‍ശ് ഹെഗ്‌ഡേ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് സംഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. പോലീസുകരന്റെ നല്ല പ്രവര്‍ത്തിക്ക് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.