എല്ലാ ജീവനക്കാര്‍ക്കും ഉറങ്ങി വിശ്രമിക്കാന്‍ അവധി പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ഒരു ഇന്ത്യന്‍ കമ്പനി. അന്താരാഷ്ട്ര നിദ്രാ ദിനം ആയ ഇന്ന് ആണ് ഹോം ആന്‍ഡ് സ്ലീപ്പ് സൊല്യൂഷന്‍സ് കമ്പനിയായ ‘വേക്ക് ഫിറ്റ് സൊല്യൂഷന്‍സ്’ കമ്പനിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഉറങ്ങി വിശ്രമിക്കാന്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ബാംഗ്ലൂരില്‍ നിന്നുള്ള കമ്പനി വേക്ക് ഫിറ്റ് ആണ് തങ്ങളുടെ തൊഴിലാളികള്‍ക്കിടയില്‍ വെല്‍നസ് പ്രാക്ടീസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരത്തില്‍ ഒരു അവധി അനുവദിച്ചിരിക്കുന്നത്. ‘സര്‍പ്രൈസ് ഹോളിഡേ: അനൗണ്‍സിംഗ് ദി ഗിഫ്റ്റ് ഓഫ് സ്ലീപ്പ്’ എന്നായിരുന്നു കമ്പനി ജീവനക്കാര്‍ക്ക് അയച്ച മെയിലിന്റെ തലക്കെട്ട്.
സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആണ് കമ്പനി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ജീവനക്കാര്‍ക്ക് അവധി നല്‍കിക്കൊണ്ട് അയച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് കമ്പനി അധികൃതര്‍ ‘ആഘോഷത്തില്‍’ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ലോക നിദ്രാ ദിനത്തില്‍, എല്ലാ വേക്ക്ഫിറ്റ് ജീവനക്കാര്‍ക്കും 2023 മാര്‍ച്ച് 17 ന് ഒരു വിശ്രമ ദിനം അനുവദിച്ചിട്ടുണ്ട്. വാരാന്ത്യത്തോട് ചേര്‍ന്നുവരുന്ന ഈ അവധി ദിനം കൊതി തീരെ വിശ്രമിക്കാനുള്ള മികച്ച അവസരമാണ്’ എന്ന കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞവര്‍ഷം വേക്ക്ഫിറ്റ് കമ്പനിയില്‍ ‘റൈറ്റ് ടു നാപ്പ് പോളിസി’ നടപ്പിലാക്കിയിരുന്നു. ഈ പോളിസിയലൂടെ കമ്പനിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അവരുടെ ജോലി സമയത്തിനിടയില്‍ എപ്പോഴെങ്കിലും 30 മിനിറ്റ് ഉറങ്ങാനുള്ള സമയം അനുവദിച്ചിരുന്നു.