‘ടിക്കറ്റ് കാണിച്ചിട്ട് പോ’; ആൾക്കൂട്ടത്തിൽ വെച്ച് യുവതിയോട് ആക്രോശിച്ച് ടിടിഇ; മോശം പെരുമാറ്റത്തിന് സസ്‌പെൻഡ് ചെയ്ത് റെയിൽവേ; വീഡിയോ

ബംഗളൂരു: യുവതിയോട് റെയിൽവേ സ്‌റ്റേഷനിൽ വെച്ച് മോശമായി പെരുമാറിയ സംഭവത്തിൽ ടിടിഇയെ സസ്പെൻഡ് ചെയ്ത് ദക്ഷിണ റെയിൽവേ. കൃഷ്ണരാജപുരം റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. ടിക്കറ്റില്ലെന്ന് ആരോപിച്ച് യുവതിയെ ട്രെയിനിൽ നിന്നും ഇയാൾ പുറത്തിറക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.


യുവതി തന്റെ പക്കൽ ടിക്കറ്റുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തെത്തിയത്.

ALSO READ- തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ മസാജ് സെന്ററും അനാശാസ്യ പ്രവർത്തനവും; 3 പേർ പിടിയിൽ; രണ്ടു യുവതികളെ രക്ഷപ്പെടുത്തി

യുവതി തനിക്ക് ടിക്കറ്റുണ്ടെന്നും താൻ പോലീസിനെ വിളിക്കുമെന്നും പറയുമ്പോൾ ഇതെന്റെ ജോലിയാണെന്നാണ് ടിടിഇ വാദിക്കുന്നത്. ആരെ വേണമെങ്കിലും വിളിച്ചോ എന്നും പെട്ടെന്ന് ടിക്കറ്റ് കാണിച്ചിട്ട് പോകാനും ഇയാൾ ആക്രോശിക്കുന്നു. ഇയാളുടെ പെരുമാറ്റത്തിൽ പതറിപ്പോയ യുവതി കരഞ്ഞുകൊണ്ടാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ചുറ്റും ആളുകൾ കൂടിയിട്ടും മാന്യമായി പെരുമാറാതെ യുവതിയോട് ആക്രോശിക്കുകയായിരുന്നു ഇയാൾ. അതേസമയം സഹയാത്രികർ യുവതിയെ പിന്തുണച്ച് കൂടെ നിന്നു. ഇവരെ ശകാരിച്ച് നടന്നു പോകാൻ ശ്രമിച്ച ടിടിഇയെ സഹയാത്രികർ ഷർട്ടിന് പിടിച്ച് തിരികെ കൊണ്ടു വരുന്നതും വിഡിയോയിൽ കാണാം. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.

Exit mobile version