ബൊമ്മനും ബെല്ലിക്കും ഒരുലക്ഷം രൂപ സമ്മാനിച്ച് എംകെ സ്റ്റാലിന്‍; ആനക്കൊട്ടിലുകളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും പാരിതോഷികം

ചെന്നൈ: ഓസ്‌കാര്‍ പുരസ്‌കാരം ഇന്ത്യയിലെത്തിച്ച ‘ദ എലിഫന്റ് വിസ്പറേര്‍സി’ലെ പ്രധാന കഥാപാത്രങ്ങളായ ബൊമ്മനെയും ബെല്ലിയെയും ആദരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബൊമ്മനും ബെല്ലിക്കും ഒരുലക്ഷം രൂപ വീതം സമ്മാനവും സ്റ്റാലിന്‍ പ്രഖ്യാപിച്ചു.

ഇരുവരുടെയും അഭിനയവും സഹകരണവും തങ്ങള്‍ക്ക് മറക്കാനാവില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞുവച്ചത്. സംസ്ഥാനത്തുടനീളം ആനക്കൊട്ടിലുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഇവര്‍ക്ക് താമസിക്കാന്‍ സൗകര്യപ്രദമായ ഇടങ്ങളൊരുക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

‘ദ എലിഫന്റ് വിസ്പറേര്‍സ്’ തമിഴ്‌നാട് വനംവകുപ്പ് ആനകളോട് എത്ര കരുതലോടെയാണ് പെരുമാറുന്നതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീലഗിരിയിലെ മുതുമലൈ വനത്തിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്.

രഘു എന്ന ആനക്കുട്ടിയും ബൊമ്മനും ബെല്ലിയുമാണ് കേന്ദ്രകഥാപാത്രങ്ങളായത്. തമിഴ്നാട് മുതുമലൈ ദേശീയോദ്യാനത്തിന്റെയും തേപ്പക്കാട് ആനസംരക്ഷണ കേന്ദ്രത്തിന്റെയും മനോഹാരിത നിറഞ്ഞു നില്‍ക്കുന്നതായി മാറി.

Exit mobile version