അഹമ്മദാബാദ്: പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിയുടെ മകൻ ജീത് അദാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ദിവ ജെയ്മിൻഷായാണ് വധു. വിവാഹനിശ്ചയം ഞായറാഴ്ചയാണ് നടന്നത്. വജ്രവ്യാപാരി ജയ്മിൻഷായുടെ മകളാണ് ദിവ.
ഗുജറാത്തിലെ അഹമ്മദാബാദിൽ ലളിതമായ ചടങ്ങാണ് നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബവും മാത്രമാണ് പങ്കെടുത്തത്. ചടങ്ങിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ജീത്തും ദിവയും ഒന്നിച്ചുനിൽക്കുന്ന ചിത്രം മാത്രമാണ് പുറത്തുവന്നത്.
ഇരുവരും വിവാഹനിശ്ചയത്തിന് പരമ്പരാഗത വസ്ത്രമണിഞ്ഞാണ് എത്തിയത്. കുർത്തയും ജാക്കറ്റുമണിഞ്ഞ് ജീത്തും ലഹങ്കയണിഞ്ഞ് ദിവയും നിൽക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
യുഎസിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽനിന്ന് എൻജിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസ് പഠനം പൂർത്തിയാക്കിയയാളാണ് ജീത്. 2019-ൽ അദാനി ഗ്രൂപ്പിൽ ഉദ്യോഗസ്ഥനായി ചേർന്നു. നിലവിൽ അദാനി ഫിനാൻസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റാണ്.
അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായാണ് ജീത് ആദ്യം ചുമതലയേറ്റത്. അദാനി എയർപോർട്ട് ബിസിനസിന്റെയും അദാനി ഡിജിറ്റൽ ലാബുകളുടെയും മേൽനോട്ടച്ചുമതലയും ജീത് വഹിക്കുന്നുണ്ടെന്നാണ് അദാനി ഗ്രൂപ്പ് വെബ്സൈറ്റിൽ പറയുന്നത്.
Discussion about this post