ഷില്ലോങ്ങ്: ഡിസംബര്‍ 13ന് മേഘാലയിലെ ഖനിയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ദേശീയ ദുരന്തപ്രതികരണ സേനയില്‍ നിന്ന് 72 പേരും, ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് 14 പേരും, കോള്‍ ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഷ്രമിച്ചിട്ടും അവരെ രക്ഷിക്കാനാകില്ലെന്ന് പറയുന്നത് വിഷമമുള്ള കാര്യമാണെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ സൈന്യത്തിന്റെ സേവനം സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കാഞ്ഞതെന്തെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
‘അവര്‍ എല്ലാവരും മരിച്ചു പോയിരുന്നാലും, ചിലര്‍ക്ക് ജീവനുണ്ടെങ്കിലും, എല്ലാവരും ജീവനോടെ ഉണ്ടെങ്കിലും എന്തു തന്നെയാണെങ്കില്‍ ഇവരെ എല്ലാവരെയും എത്രയും പെട്ടെന്ന് പുറത്തെത്തിക്കണം’- സുപ്രീം കോടതി പറഞ്ഞു. ‘ഇവര്‍ ജീവനോടെ ഉണ്ടായിരിക്കണമെന്ന് തങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നെന്നും’ കോടതി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
രക്ഷാപ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. രക്ഷാപ്രവര്‍ത്തിന് ഉപയോഗിക്കുന്ന ശക്തിയേറിയ മോട്ടോറുകള്‍ തകരാറിലായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
അതേസമയം നേരത്തെ മൂന്ന് ഹെല്‍മെറ്റുകള്‍ സുരക്ഷാ സേനയ്ക്ക് കിട്ടിയിരുന്നു. ഖനിക്കകത്തു നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും അത് നല്ല സൂചനയല്ലെന്നും എന്‍ഡിആര്‍എഫ് പറഞ്ഞിരുന്നു.