ചെന്നൈ: ഓസ്കര് നേട്ടത്തിന് പിന്നാലെ മുതുമലയിലെ രഘുവും അമ്മുവും ബിസിയാണ്. ‘ദി എലിഫന്റ് വിസ്പെറേഴ്സി’ലെ താരങ്ങളാണ് രഘുവും അമ്മുവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആന പ്രേമികളുടെ തിരക്കാണ് തപ്പക്കാട് ആന സങ്കേതത്തില്‍.
മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കി ഒരുക്കിയ ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ദി എലിഫന്റ് വിസ്പെറേഴ്സ് ലോക സിനിമാ വേദിയില്‍ അംഗീകാരം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് രഘുവിനെയും അമ്മുവിനെയും തേടി സന്ദര്‍ശകര്‍ എത്തുന്നത്.
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചിരിക്കുന്ന കാലഘട്ടത്തില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെ കഥയാണ് ഊട്ടി സ്വദേശിനിയായ കൃതികി ഗോണ്‍സാല്‍വസ് പ്രമേയമാക്കിയത്. രഘു എന്നും അമ്മു എന്നും പേരിട്ട രണ്ട് ആനക്കുട്ടികളും ദമ്പതികളായ ബൊമ്മനും ബെല്ലിയും തമ്മിലുള്ള ബന്ധമാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.
‘ഞാന്‍ ലണ്ടനില്‍ നിന്നാണ്, ഇവിടെ നിന്നുള്ള രണ്ട് ആനക്കുട്ടികള്‍ക്ക് ഇന്നലെ രാത്രി ഓസ്കര് ലഭിച്ചതായി അറിഞ്ഞു. അവരെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, ശരിക്കും ആസ്വദിച്ചു. ആനകള്‍ എന്റെ പ്രിയപ്പെട്ട മൃഗമാണ്. ഇന്ന് ഇവരെ കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണ്,’ രഘുവിനെ കാണാന്‍ മുതുമലയില്‍ എത്തിയ സന്ദര്‍ശക ഗ്രേസ് പറഞ്ഞു.
രഘുവിന് സന്ദര്‍ശകത്തിരക്കാണെങ്കില്‍ ഓസ്കര് എന്താണെന്നുപോലും അറിയില്ലെന്നാണ് ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ ബെല്ലി പറയുന്നത്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ മുതുമലൈ കടുവ സങ്കേതത്തില്‍ ആന പാപ്പാന്മാരായി ജോലി ചെയ്യുകയാണ് ബൊമ്മനും ബെല്ലിയും.
‘ആനകള്‍ ഞങ്ങളുടെ മക്കളെ പോലെയാണ്. ഇത് അമ്മയെ നഷ്ടപ്പെട്ട കുട്ടിക്ക് നല്കുന്ന സേവനമായാണ് കാണുന്നത്. അത്തരത്തിലുള്ള നിരവധി ആനകളെ ഞാന്‍ വളര്‍ത്തിയിട്ടുണ്ട്. കാട്ടില്‍ അമ്മമാരെ നഷ്ടപ്പെട്ട ആനക്കുട്ടികള്‍ക്ക് ഞാനൊരു വളര്‍ത്തമ്മയാണ്’, ബെല്ലി പറയുന്നു. ഭര്‍ത്താവ് ബൊമ്മന് ഗുരുതരമായി പരിക്കേറ്റ ഒരു ആനയെ കൊണ്ടുവരാന്‍ സേലത്തേക്ക് പോയിരിക്കുകയാണെന്നും ബെല്ലി പറഞ്ഞു.
Discussion about this post