മിർസാപുർ: പെൺസുഹൃത്തിന്റെ കാണാനായി എത്തിയപ്പോൾ പെൺകുട്ടിയുടെ അമ്മ മുറിയിൽ പൂട്ടിയിട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാമുകിയുടെ വീട്ടിലെത്തിയ 19കാരനായ കാമുകനെയാണ് പോലീസെത്തി നടത്തിയ പരിശോദനയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
യുവാവിനെ സുഹൃത്തായ പെൺകുട്ടിക്കൊപ്പം കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്നു. തുടർന്ന് പോലീസെത്തി മുറി തുറന്നപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ നാല് വർഷമായി പെൺകുട്ടിയും അയൽവാസിയായ യുവാവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.
ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. വിന്ധ്യാചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. കാമുകിയുടെ അമ്മ വീട്ടിലില്ലെന്നറിഞ്ഞ യുവാവ് ഇവരുടെ വീട്ടിലേക്ക് എത്തുകയായിരുന്നു.
എന്നാൽ, വീടിന്റെ ഒരു മുറിയിൽ കാമുകിക്കൊപ്പം ഇരിക്കുമ്പോൾ അമ്മ വീട്ടിലേക്ക് മടങ്ങിയെത്തുകയും ഇരുവരേയും ഒരുമിച്ച് കാണുകയുമായിരുന്നു. തുടർന്ന് ഇരുവരോടും മുറിക്ക് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല.
ഇയാൾ മുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് മകളെ പുറത്തിറക്കിയ അമ്മ മുറി പൂട്ടിയിട്ടു. പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. പെൺകുട്ടിയുടെ അമ്മ യുവാവിന്റെ വീട്ടുകാരെയും വിവരമറിയിച്ചിരുന്നു. തുടർന്ന് പോലീസ് സംഘവും വീട്ടിലെത്തി വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് മുറി അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയത്.
ഇതോടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ഷാളിൽ കുരുക്കിട്ട് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മൃതദേഹം താഴെയിറക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post