95ാമത് ഓസ്‌കറില്‍ തിളങ്ങി ഇന്ത്യ: നാട്ടു നാട്ടുവിനും ദ എലിഫന്റ് വിസ്പറേഴ്സിനും പുരസ്‌കാരം

ന്യൂഡല്‍ഹി: 95ാമത് ഓസ്‌കര്‍ വേദിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ. രണ്ട് പുരസ്‌കാരങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. നാട്ടു നാട്ടുവും ദ എലിഫന്റ് വിസ്പറേഴ്സും ഓസ്‌കര്‍ നേടി.

മികച്ച ഗാനത്തിനുള്ള പുരസ്‌കാരമാണ് നാട്ടു നാട്ടു ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഓസ്‌കര്‍ നാമനിര്‍ദേശം പുറത്തിറങ്ങിയ നാള്‍ മുതല്‍  ആര്‍ആര്‍ആറിലുള്ള പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എംഎം കീരവാണിയുടെ സംഗീതത്തിന് ചന്ദ്രബോസ് ആണ് വരികള്‍ എഴുതിയത്.

ദ എലിഫന്റ് വിസ്പറേഴ്സ് ആണ് മറ്റൊരു ഇന്ത്യന്‍ ഓസ്‌കര്‍ ചിത്രം. മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം) എന്ന വിഭാഗത്തിലാണ് എലിഫന്റ് വിസ്പറേഴ്സിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് സംവിധായിക. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പേഴ്സിന്റെ പ്രമേയം.

മിറ്റ്സ്‌കി, ഡേവിഡ് ബൈര്‍ണ്‍ എന്നിവരുടെ ‘ദിസ് ഈസ് ലൈഫ്’, റിഹാന, ടെംസ് എന്നിവര്‍ ആലപിച്ച ‘ലിഫ്റ്റ് മി അപ്പ്’, ലേഡി ഗാഗയുടെ ‘ഹോള്‍ഡ് മൈ ഹാന്‍ഡ്’, ഡയാന വാരന്റെ ‘അപ്ലോസ്’ എന്നിവയായിരുന്നു നാമനിര്‍ദേശത്തിലുള്ള മറ്റു ഗാനങ്ങള്‍.

Exit mobile version