പ്രായം വെറും നമ്പര്‍ മാത്രം, 62ാം വയസ്സില്‍ ആദ്യ വിമാനയാത്ര: സ്വപ്‌നം സഫലമാക്കി മില്‍കുരി ഗംഗേവ

തെലങ്കാന: യൂട്യൂബ് സീരീസായ ‘മൈ വില്ലേജ് ഷോ’യിലൂടെ ശ്രദ്ധേയയായ കര്‍ഷകയാണ് മില്‍കുരി ഗംഗേവ. തെലങ്കാനയുടെ പാരമ്പര്യവും ഗ്രാമീണ ജീവിതവും പറയുന്ന യൂട്യൂബ് സീരീസായ ‘മൈ വില്ലേജ് ഷോ’യിലൂടെയാണ് മില്‍കുരി ഗംഗേവ ശ്രദ്ധേയയാകുന്നത്.

ഇപ്പോഴിതാ 62ാം വയസ്സില്‍ ജീവിതത്തില്‍ ആദ്യമായി വിമാനയാത്ര നടത്തിയിരിക്കുകയാണ് മില്‍കുരി ഗംഗേവ. വിമാനത്തില്‍ കയറുന്നതിനു മുന്നോടിയായി ഗേറ്റില്‍ ബോര്‍ഡിങ് പാസ് കാണിക്കുന്ന മില്‍കുരി ഗംഗേവയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്.

പിന്നീട് വിമാനത്തിനകത്ത് ഇരിക്കുന്ന അവരുടെ മുഖത്ത് ആദ്യമായി വിമാനയാത്ര നടത്തുന്ന എല്ലാവരെയും പോലെയുള്ള പരിഭ്രമവും സന്തോഷവും ഉണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി മാറി.

വിമാനം പറന്നുയരുമ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കുമ്പോഴും തനിക്ക് ചെറിയ പരിഭ്രമം ഉണ്ടായിരുന്നെന്ന് മില്‍കുരി ഗംഗേവ വീഡിയോയില്‍ തെലുങ്ക് ഭാഷയില്‍ പറയുന്നുണ്ട്. യാത്രയ്ക്കിടെ ചെവി അടഞ്ഞതായും ഗംഗേവ പറയുന്നു.

പ്രായം ഒന്നിനും തടസമല്ലെന്നാണ് ഗംഗേവയുടെ ഈ യാത്ര തെളിയിക്കുന്നതെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ‘gangavvaandmyvillageshow_anil’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ എത്തിയത്.

Exit mobile version