പീഡനക്കേസ് പ്രതി അനധികൃതമായി ഭൂമി കയ്യേറി പണിതുയര്‍ത്തിയ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി വനിതാ പോലീസ് ഉദ്യോഗസ്ഥര്‍. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ദാമോയിലാണ് സംഭവം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലുള്ള പ്രതിയുടെ വീടാണ് ഉദ്യോഗസ്ഥര്‍ തകര്‍ത്തത്. കേസില്‍ മൂന്ന് പേര് നേരത്തെ അറസ്റ്റിലായിരുന്നു. എന്നാല്‍ നാലാമനായ കൗശല്‍ കിഷോര്‍ ചൗബേ ഒളിവിലായതിനെ തുടര്‍ന്ന് റാണെ പോലീസ് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.
അന്വേഷണത്തില്‍ ഇയാള്‍ അനധികൃതമായി കയ്യേറിയ ഭൂമിയില്‍ വീട് പണിതിരുന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് ജില്ലാ കളക്ടറില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം, പ്രതി കൗശല്‍ കിഷോര്‍ ചൗബെയുടെ വീടും കൃഷിഭൂമിയും ഇടിച്ചു നിരത്താന്‍ ഭരണകൂടം തീരുമാനിച്ചു. ഇതിനായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള വനിതാ ഉദ്യോഗസ്ഥരെ റാണെയിലേക്ക് വിളിച്ചുവരുത്തുകയും തുടര്‍ന്ന് ബുള്‍ഡോസര്‍ ഉപയോഗിച്ച് കയ്യേറ്റം ഒഴിപ്പിക്കുകയുമായിരുന്നു.
ഇത് സമൂഹത്തിന് വലിയ സന്ദേശം നല്‍കുമെന്നും കുറ്റവാളികള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുമെന്നും നടപടിക്ക് നേതൃത്വം നല്കിയ പോലീസ് ഓഫീസര്‍ പ്രഷിത കുര്‍മി പറയുന്നു. 75 ലക്ഷത്തോളം വിലമതിക്കുന്ന ഭൂമിയാണ് പ്രതി അനധികൃതമായി കയ്യേറിയത്. വനിതാ ഉദ്യോഗസ്ഥരുടെ ബുള്‍ഡോസര്‍ പ്രയോഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
Discussion about this post