ചെന്നൈ: പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് മുറികള്‍ അടിച്ചുതകര്‍ത്തു. തമിഴ്‌നാട്ടിലാണ് നടുക്കുന്ന സംഭവം. ധര്‍മപുരി മല്ലപുരത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അക്രമം നടത്തിയത്.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് സ്‌കൂളിലെ ക്ലാസ്മുറികള്‍ അടിച്ചു തകര്‍ത്തത്. പരീക്ഷ കഴിഞ്ഞെത്തിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസ് മുറികളില്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ കീറിയെറിയുകയും മേശകളും ബെഞ്ചുകളും ഉള്‍പ്പെടെ അടിച്ചുതകര്‍ക്കുകയും ചെയ്തു.
സോഷ്യല്‍മീഡിയയില്‍ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം ആരംഭിച്ചു. അതിക്രമം കാട്ടിയ വിദ്യാര്‍ഥികളെ അഞ്ചു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഇവര്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസ ഓഫീസര്‍ കെ ഗുണശേഖരന്‍ പറഞ്ഞു.
എന്നാല്‍ പരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. നാശനഷ്ടമുണ്ടായതിന് പകരം ഫര്‍ണീച്ചറുകള്‍ നല്‍കാന്‍ നാട്ടുകാര്‍ തയ്യാറായിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം അധ്യാപകര്‍ ഏകോപിപ്പിക്കുമെന്നും വിദ്യാര്‍ഥികളുടെ അക്രമം തടയാതിരുന്നതില്‍ അധ്യാപകര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
Discussion about this post