ബംഗളൂരു: സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് കാമുകി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിവാഹത്തിന്റെ പിറ്റേ ദിവസം ഗതാഗത കുരുക്കില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. കഴിഞ്ഞ മാസം 16ന് മഹാദേവപുരയില്‍ വച്ചായിരുന്നു സംഭവം.
വിജയ് ജോര്‍ജ് എന്നയാളാണ് കാമുകിയുടെ ഭീഷണിയെ തുടര്‍ന്ന് ഭാര്യയെ ഉപേക്ഷിച്ച് കടന്നത്. വിവാഹത്തിന്റെ പിറ്റേ ദിവസം പള്ളിയില്‍ പോയി മടങ്ങവെയായിരുന്നു സംഭവം. രണ്ടാഴ്ചയായി ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
വിവാഹത്തിന് മുമ്പ് വിജയ്ക്ക് പിതാവിന്റെ കമ്പനിയിലെ ഡ്രൈവറിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ അതേ കമ്പനിയില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ഈ ബന്ധം വീട്ടിലറിഞ്ഞതോടെ അവരെ മറക്കാമെന്നും മറ്റൊരു വിവാഹത്തിന് തയ്യാറാണെന്നുമായിരുന്നു വിജയ് പറഞ്ഞത്.
വിവാഹത്തിന് മുമ്പ് ഭാര്യയോട് വിജയ് ഇക്കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍, മറ്റൊരാളെ വിവാഹം കഴിച്ചാല്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്ന് കാമുകി ഇയാളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ കടന്നുകളഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പള്ളിയില്‍ നിന്ന് മടങ്ങുന്ന വഴിയില്‍ കാര്‍ ഗതാഗത കുരുക്കില്‍ കുടുങ്ങിയെന്നും, ഇതിനിടെ വിജയ് കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്കോടുകയായിരുന്നു. പെട്ടെന്നുണ്ടായ ഈ സംഭവത്തില്‍ താന്‍ പകച്ചുപ്പോയെന്നും കാറില്‍ നിന്നിറങ്ങി പിന്തുടരാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും വിജയ്യുടെ ഭാര്യ പറഞ്ഞു.
എന്ത് വന്നാലും ഒപ്പമുണ്ടാകുമെന്ന് വിജയ്‌യുടെ മാതാപിതാക്കളും താനും വാക്ക് കൊടുത്തിട്ടും വിവാഹപ്പിറ്റേന്ന് കടന്നുകളയുകയായിരുന്നു. വിജയ് സുരക്ഷിതനാണെന്നും ഉടന്‍ തിരിച്ചെത്തുമെന്ന് കരുതുന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.