മാരകായുധങ്ങളും സിഗരറ്റ് വലിച്ചും റീല്‍സ്: ‘ഫാന്‍സ് കോള്‍ മി തമന്ന’യ്ക്ക് പൂട്ടിടാന്‍ പോലീസ്, യുവതിയ്ക്കായി അന്വേഷണം തുടങ്ങി

കോയമ്പത്തൂര്‍: ഇന്‍സ്റ്റാഗ്രാമില്‍ മാരകായുധങ്ങളുമായി റീല്‍സ് ചെയ്ത യുവതിയെ തേടി പോലീസ്. തമിഴ്‌നാട് വിരുദുനഗര്‍ സ്വദേശിനി വിനോദിനി എന്ന തമന്ന (23)യെയാണ് പോലീസ് അന്വേഷിക്കുന്നത്. മാരകായുധങ്ങളുമായാണ് പെണ്‍കുട്ടി മിക്ക വീഡിയോകളിലും എത്തിയിരുന്നത്. ‘ഫാന്‍സ് കോള്‍ മി തമന്ന’ എന്ന അക്കൗണ്ടാണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്.

പെണ്‍കുട്ടി ഇതിന് മുമ്പ് കഞ്ചാവ് കേസിലടക്കം പ്രതി ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. 2021 ലാണ് വിനോദിനിക്കെതിരെ കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രാഗ ബ്രദേഴ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലും യുവതി സജീവമായിരുന്നു. ക്രിമിനല്‍ സംഘത്തില്‍പ്പെട്ട യുവാക്കളാണ് ഈ പേജില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു.

Read Also: 419,554 വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്: എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്ന് തുടങ്ങും

വീഡിയോ പോസ്റ്റ് ചെയ്യുന്നതിലൂടെ എതിര്‍ സംഘങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. സമ്പന്ന വീട്ടിലെ ആണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരില്‍ നിന്നും പണം തട്ടുന്നത് യുവതിയുടെ പതിവാണ്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ ഇത്തരത്തില്‍ മാരകായുധങ്ങളുമായി വീഡിയോകള്‍ എടുത്ത് പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version