ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി സന്ദീപ് സിങ്ങിനെതിരെ കേസെടുത്ത് പോലീസ്. ബിഗ് ബോസ് ഫൈനലിസ്റ്റും മുൻ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ അർച്ചന ഗൗതമിനോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് സന്ദീപിനെതിരെ യുപി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. അർച്ചനയുടെ പിതാവ് ഗൗതം ബുദ്ധയുടെ പരാതിയിലാണ് നടപടി.
തന്റെ മകൾ അർച്ചനയ്ക്ക് എതിരെ സന്ദീപ് ജാതിയധിക്ഷേപം നടത്തിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗൗതം ബുദ്ധ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മീററ്റിലെ പർഥപുർ പോലീസ് സ്റ്റേഷനിലാണ് പരാതി.
പ്രിയങ്ക ഗാന്ധിയെ കാണാനായി ഒരുപാട് തവണ അർച്ചന ശ്രമിച്ചിരുന്നെങ്കിലും സന്ദീപ് അതിന് അനുവദിച്ചില്ലെന്നും പിതാവ് പരാതിപ്പെട്ടിട്ടുണ്ട്. 2022-ൽ ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു അർച്ചന.
സന്ദീപ് സിങ്ങിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് അർച്ചന ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. കോൺഗ്രസിലെ എല്ലാവർക്കും സന്ദീപ് സിങ്ങിനോട് ദേഷ്യമാണ്. പ്രിയങ്ക ഗാന്ധിയെ കാണാൻ സന്ദീപ് ആരെയും അനുവദിക്കുന്നില്ലെന്നാണ് പരാതി. ജയിലിൽക്കയറ്റുമെന്നുവരെ സന്ദീപ് ഭീഷണിപ്പെടുത്തിയിരുന്നെന്നും അർച്ചന പറഞ്ഞു.
also read- പിസി തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു
പ്രിയങ്കയെ കാണാനായി ഫെബ്രുവരി 26-ന് റായ്പുരിലേക്കും ഛത്തീസ്ഗഢിലേക്കും വരാൻ മകളോട് ആവശ്യപ്പെട്ടതായും ഗൗതം പറഞ്ഞു. കൂടാതെ, അർച്ചനയുടെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷയൊരുക്കണമെന്നും ഗൗതം ആവശ്യപ്പെട്ടു. സംഭവം യുപി പോലീസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post