തെലങ്കാന: വിവാഹം കഴിഞ്ഞ് 12 വര്‍ഷത്തിന് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാഭീഷണി. ഭാര്യാ പിതാവ് തന്റെ വിവാഹത്തിന് സ്വര്‍ണ്ണം തന്നില്ലെന്നും ഇനിയെങ്കിലും തനിക്ക് സ്ത്രീധനമായി അല്പം സ്വര്‍ണ്ണം വേണമെന്നും ആവശ്യപ്പെട്ട് ശേഖര്‍ എന്ന യുവാവാണ് വിചിത്ര വഴി തേടിയത്.
12 വര്‍ഷം മുമ്പായിരുന്നു ശേഖറിന്റെ വിവാഹം. വിവാഹ സമയത്ത് ഭാര്യാ പിതാവിന് മരുമകന് സ്ത്രീധനം കൊടുക്കാനുള്ള സാമ്പത്തിക ഭദ്രതയുണ്ടായിരുന്നില്ല. എങ്കിലും മകളുടെ വിവാഹം അദ്ദേഹം നടത്തി. തനിക്ക് സ്ത്രീധനം ലഭിക്കാത്തതിനെ കുറിച്ച് ശേഖര്‍ പല തവണ ഭാര്യയോടെ പരാതി പറഞ്ഞിരുന്നു. എന്നാല്‍, ഓരോ തവണയും അത് തന്നെ കൊണ്ട് ആവുന്നതല്ലെന്നായിരുന്നു അവരുടെ മറുപടി.
കഴിഞ്ഞ 12 വര്‍ഷമായി ശേഖരില്‍ തനിക്ക് ലഭിക്കാതെ പോയ സ്ത്രീധനത്തിന്റെ ദുഃഖത്തിലായിരുന്നു. ഒടുവില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍ അയാള്‍ തീരുമാനിച്ചു. കഴിഞ്ഞ ഞായറാഴ്ച അയാള്‍ വീടിനടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ കയറി. ആത്മഹത്യാ ഭീഷണി മുഴക്കി. തനിക്ക് ഇതുവരെയായും സ്ത്രീധനമായി സ്വര്‍ണ്ണം ലഭിച്ചില്ലെന്ന പരാതി അയാള്‍ നാട്ടുകൂട്ടത്തിന് മുന്നില്‍ ഉയര്‍ത്തി.
തുടര്‍ന്ന് നാട്ടുകാര്‍ ഇലക്ട്രിസിറ്റി വകുപ്പിനെ വിവരമറിയിക്കുകയും അവരെത്തി വൈദ്യുതി തൂണിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് ഭാര്യയുടെ സഹോദന്മാരുമെത്തി ശേഖറിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പക്ഷേ, ശേഖര്‍ വഴങ്ങിയില്ല.
ഒടുവില്‍ പ്രദേശത്തെ വ്യാപാര സംഘടനയുടെ പ്രസിഡന്റ് ബട്ടി ജഗപതിയും ഡിഎസ്പിയും സ്ഥലത്തെത്തി ശേഖരുമായി സംസാരിച്ചു. ഒടുവില്‍ ഇവരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ശേഖര്‍ വൈദ്യുതി തൂണില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായി. പോലീസ് ഇയാളെ ആദ്യം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൗണ്‍സിലിങ്ങിന് വിധേയമാക്കി. ശേഖര്‍ ഇലക്ട്രീഷ്യനായി ജോലി നോക്കുകയായിരുന്നു.