മാൽകങ്കിരി: എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് പരീക്ഷയ്ക്ക് എത്തിയ യുവതിക്ക് താങ്ങായി വനിതാ കോൺസ്റ്റബിൾ. പരീക്ഷയ്ക്ക് എത്തിയ ഉദ്യോഗാർത്ഥിയായ 22കാരിയുടെ കുഞ്ഞിനെ പരീക്ഷ കഴിയും വരെ പരിപാലിച്ചാണ് ഈ വനിതാ പോലീസുദ്യോഗസ്ഥ മനംകവർന്നത്.
ഒഡിഷയിൽ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷ നടക്കുന്ന മാൽകാങ്കിരി കോളേജിലായിരുന്നു ഈ സംഭവമുണ്ടായത്. കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ ഉദ്യോഗാർഥിയുടെ കുഞ്ഞിനെ പരിചരിക്കുകയായിരുന്നു.
22കാരിയായ ചഞ്ചല മാലികിന്റെ നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് പോലീസുകാരി കൈയ്യിലെടുത്ത് തലോടിയത്. ഞായറാഴ്ച 9.20 ഓടെ അവർ പരീക്ഷാ കേന്ദ്രത്തിൽ എത്തിയിരുന്നു. കുഞ്ഞിനെ പരിചരിക്കാനായി ചഞ്ചൽ അവരുടെ അമ്മയോടും ഭർതൃ മാതാവിനോടും പരീക്ഷാ കേന്ദ്രത്തിലെത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും എത്തിയില്ല. പിന്നീട് പരീക്ഷ തുടങ്ങാനായതോടെ കുട്ടി കരയാൻ തുടങ്ങി. ഇതോടെ പരീക്ഷ എഴുതാനാകില്ലെന്ന് ചഞ്ചൽ കരുതി തിരിച്ചുപോകാൻ ഒരുങ്ങുകയായിരുന്നു.
ഇതിനിടെ, പരീക്ഷാ ഹാളിലേക്കുള്ള പ്രവേശനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പരീക്ഷാ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ ബാസന്തി ചൗധരി ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ അവിടേക്ക് എത്തികയും കുഞ്ഞിനെ താൻ പരിചരിക്കാമെന്ന് അറിയിക്കുകയുമായിരുന്നു.
തുടർന്ന് ചഞ്ചല കുഞ്ഞിനെ ബാസന്തിയെ ഏൽപ്പിച്ച് പരീക്ഷ എഴുതാൻ പോയി. ബാസന്തി കുഞ്ഞിനെ എടുത്തു നടക്കുക മാത്രമല്ല, ഇടക്കിടെ കുഞ്ഞിനു ഭക്ഷണങ്ങൾ നൽകുകയും ചെയ്താണ് കുഞ്ഞിന് പോറ്റമ്മയായത്.
പരീക്ഷ കഴിയും വരെ അവർ കുഞ്ഞിനെ നോക്കുകയും പരീക്ഷക്ക് ശേഷം കുഞ്ഞിനെ ചഞ്ചലിന് കൈമാറുകയും ചെയ്തു. മറ്റ് പല സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി ഒഡിഷ പോലീസിൽ 33 ശതമാനം വനിതാ സംവരണവുമുണ്ട്.
Discussion about this post