നോയ്ഡ: ക്ലീനിംഗ് തൊഴിലാളിയായ പതിനെട്ടുകാരനെ ജിമ്മിൽ നിന്നും പണം മോഷ്ടിച്ചുവെന്നാരോപിച്ച് രണ്ടാം നിലയിൽ നിന്നെറിഞ്ഞു കൊന്നു. നോയ്ഡയിലാണ് സംഭവം. ജിമ്മിലെ തൊഴിലാളിയായിരുന്ന ശിവശർമ്മ എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. പണം കവർന്നു എന്ന് ആരോപിച്ച് ശിവശർമ്മയെ കെട്ടിടത്തിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് ഗൗതം നഗർ പോലീസ് കണ്ടെത്തി. സംഭവത്തിൽ പ്രതികളായ നീരജ് യാദവ്, അരുൺ കുമാർ എന്നിവരെ പോലീസ് പിടികൂടി.
ശിവശർമ്മ സഹോദരൻ അവനീഷ് ശർമ്മയുടെ കൂടെ ജിമ്മിന് മുകളിലാണ് താമസിച്ചിരുന്നത്. പിന്നീട് എട്ടായിരം രൂപ ശമ്പളത്തിന് ശിവശർമ്മ ജിമ്മിൽ ക്ലീനിംഗ് തൊവിലാളിയായി ജോലിക്ക് കയറുകയായിരുന്നു. എന്നാൽ അഞ്ചുമാസം ജോലി ചെയ്തിട്ടും ശമ്പളം നൽകിയിരുന്നില്ലെന്നാണ് സഹോദരൻ പറയുന്നത്.
ഇതിനിടെ, ജിമ്മിൽ നിന്ന് 18,000 രൂപ മോഷണം പോയിരുന്നു. ഇതെടുത്തത് ശിവശർമ്മയാണെന്ന് ജിം ഉടമകൾ ആരോപിക്കുകയായിരുന്നു. തുടർന്ന് ജിമ്മിലെ താക്കോൽ ശിവശർമ്മക്ക് നൽകിയിരുന്നു. ശേഷം അയ്യായിരം രൂപ മോഷ്ടിച്ചുവെന്നും വീണ്ടും ആരോപിച്ച് ശിവ ശർമ്മയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ശിവശർമ്മ പണം മോഷ്ടിച്ചെന്ന് പറഞ്ഞ് ഉടമകൾ തന്നെ വിളിച്ചിരുന്നെന്നും താൻ ഉടനെയെത്താമെന്ന് അറിയിച്ചെങ്കിലും അതിനിന് മുൻപ് തന്നെ നീരജും അരുണും ചേർന്ന് ശിവയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനം സഹിക്കാൻ കഴിയാതെ ശിവ രക്ഷപ്പെടാനായി രണ്ടാം നിലയിലേക്ക് ഓടിക്കയറിയെങ്കിലും അവിടെ നിന്ന് താഴേക്ക് എറിഞ്ഞു കൊല്ലുകയായിരുന്നുവെന്ന് അവനീഷ് പറയുന്നു.
ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച ശിവ ശർമ്മയെ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച രാത്രി പത്തോടെയാണ് സംഭവം. ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്കും റെഫർ ചെയ്‌തെങ്കിലും മരണത്തിന് കീഴടങ്ങി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.