അലഹബാദ്: രാജ്യത്ത് ഗോഹത്യ നിരോധിക്കാന്‍ കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണമെന്നും ജസ്റ്റിസ് ഷമിം അഹമ്മദിന്റെ ബെഞ്ച് ആവശ്യപ്പെട്ടു.
ഇന്ത്യ മതേതര രാജ്യമായതിനാല്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കണം. ഹിന്ദുമതത്തില്‍ പശു ദൈവികതയേയും പ്രകൃതിയുടെ ദാനശീലത്തേയും പ്രതിനിധാനം ചെയ്യുന്നു. അതിനാല്‍ പശുക്കള്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യണമെന്നും കോടതി വ്യക്തമാക്കി.
പശുവിന്റെ കാലുകള്‍ നാല് വേദങ്ങളെ സൂചിപ്പിക്കുന്നു. നാല് പുരുഷാര്‍ഥങ്ങളാണ് അവയുടെ പാലിന്റെ ഉറവിടം. കൊമ്പുകള്‍ ദൈവങ്ങളെ സൂചിപ്പിക്കുന്നു. മുഖം ചന്ദ്രനേയും സൂര്യനേയും ചുമലുകള്‍ അഗ്‌നിയേയും പ്രതീകവത്കരിക്കുന്നു. നന്ദ, സുനന്ദ, സുരഭി, സുശീല, സുമന എന്നീ പേരുകളിലും പശുക്കള്‍ അറിയപ്പെടുന്നുവെന്നും ജസ്റ്റിസ് ഷമിം മുഹമ്മദ് നിരീക്ഷിച്ചു.
‘പശുവിനെ ആദരിക്കുന്ന രീതിക്ക് വേദകാലഘട്ടത്തോളം പഴക്കമുണ്ട്. പശുവിനെ കൊല്ലുകയോ അതിന് അനുവദിക്കുകയോ ചെയ്യുന്നവര്‍ തങ്ങളുടെ ശരീരത്തില്‍ രോമങ്ങള്‍ ഉള്ളിടത്തോളം കാലം നരകത്തില്‍ ചീഞ്ഞഴുകുമെന്നാണ് കരുതപ്പെടുന്നത്. ഹിന്ദുമത വിശ്വാസപ്രകാരം മതപുരോഹിതരേയും പശുക്കളേയും ബ്രഹ്‌മാവ് ഒരേസമയമാണ് സൃഷ്ടിക്കുന്നത്.
പുരോഹിതര്‍ മന്ത്രോച്ചാരണം ചെയ്യുന്ന അതേസമയത്ത് പൂജകള്‍ക്ക് ആവശ്യമായ നെയ്യ് നല്‍കാന്‍ പശുക്കള്‍ക്ക് കഴിയുന്നു. ഇതിനാണ് രണ്ടുപേരേയും ഒരേസമയം സൃഷ്ടിച്ചത്. ഹിന്ദുദൈവങ്ങളായ ശിവനും ഇന്ദ്രനും കൃഷ്ണനും മറ്റു ദേവതകളുമായും പശു ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുമതത്തില്‍ മൃഗങ്ങളില്‍ പശു ഏറ്റവും വിശുദ്ധമാണ്. കാമധേനു എന്നറിയപ്പെടുന്ന പശു എല്ലാ ആഗ്രഹങ്ങളും സഫലമാക്കുന്നു, എന്നാണ് കോടതിയുടെ നിരീക്ഷണം.