ന്യൂഡല്‍ഹി: 65 രാജ്യങ്ങള്‍ പങ്കെടുത്ത ലോക ഖുറാന്‍ പാരായണ മത്സരത്തില്‍ നാലാം സ്ഥാനം നേടി അഭിമാനതാരമായി ഇന്ത്യക്കാരന്‍. അസമിലെ കരിംഗഞ്ച് സ്വദേശിയായ കാരി മഞ്ജൂര്‍ അഹമ്മദ് (26) ആണ് ഈജിപ്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്കായി നാലാം സ്ഥാനം നേടിയത്.
ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു മഞ്ജൂര്‍ അഹമ്മദ്. മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടന്നത്. ബംഗ്ലാദേശിലെ അല്‍-അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നാണ് ഇദ്ദേഹം ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയത്. അസമില്‍ തന്നെ തുടരാനാണ് ആഗ്രഹമന്നും വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള ഇസ്ലാമിക വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, തുര്‍ക്കിയിലും മലേഷ്യയിലും നടന്ന അന്താരാഷ്ട്ര മത്സരങ്ങളിലും ഇദ്ദേഹം അഞ്ച്, ഒമ്പത് സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. രാജ്യത്തെ 1.33 ബില്യണ്‍ ജനങ്ങളെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്തതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നുതന്നെയാണെന്നും മഞ്ജൂര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. .
‘ഖുറാന്‍ പാരായണത്തിന് നിയമങ്ങളുണ്ട്. നിയമങ്ങള്‍ പാലിക്കുകയും ഖുറാന്‍ വായിക്കുകയും ചെയ്താല്‍ ജീവിത വിജയമുണ്ടാകും. കൂടുതല്‍ ആളുകള്‍ വേദങ്ങള്‍ വായിക്കുന്നു. അവര്‍ ശാന്തരും ജ്ഞാനികളുമായിത്തീരും. സമൂഹത്തില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം നിലനില്‍ക്കുമെന്നും മത്സരത്തില്‍ പങ്കെടുത്ത ശേഷം, എല്ലാ സമുദായങ്ങളിലുമുള്ള ആളുകളില്‍ നിന്ന് സ്‌നേഹവും ആശംസകളും ലഭിച്ചെന്നും മഞ്ജൂര്‍ അഹമ്മദ് പറഞ്ഞു.