ബംഗളുരു: പുതിയ ബിസിനസ് ആരംഭിക്കാനുള്ള അനുമതിക്കായി സമീപിച്ചവരുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിൽ ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ. ദാവനഗരെ ചന്നാഗിരി എംഎൽഎയും കർണാടക സോപ്‌സ് ചെയർമാനുമായ മാഡൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് കുമാറാണ് പിടിയിലായത്. ലോകായുക്തയാണ് പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. ഐഎഎസ് ഓഫീസറാണ് അറസ്റ്റിലായ പ്രശാന്ത് കുമാർ.
മൈസൂർ സാൻഡൽ സോപ്‌സ് ഉൽപാദിപ്പിക്കുന്ന കമ്പനിയാണ് കർണാടക സോപ്‌സ് ആന്റ് ഡിറ്റർജന്റ്‌സ് (കെഎസ്ഡിഎൽ). ബംഗളുരു കോർപ്പറേഷനിൽ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ പ്രശാന്ത് കുമാർ 40 ലക്ഷം രൂപ ഒരു കോൺട്രാക്റ്ററിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
സോപ്പും ഡിറ്റർജന്റും നിർമിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ നിർമിക്കാനുള്ള കരാർ കൈക്കൂലി കൈപ്പറ്റി നൽകാനാണ് ശ്രമിച്ചതെന്നാണ് കേസ്. 81 ലക്ഷം രൂപയാണ് കൈക്കൂലിയായി പ്രശാന്ത് കുമാർ കോൺട്രാക്റ്ററിൽ നിന്ന് ആവശ്യപ്പെട്ടത്. ഇത് ലോകായുക്തയെ കോൺട്രാക്റ്റർ അറിയിക്കുകയായിരുന്നു. ഇതോടെ പണവുമായി തെളിവോടെ പ്രശാന്തിനെ പിടികൂടാൻ ലോകായുക്ത തീരുമാനിക്കുകയായിരുന്നു.
മൂന്ന് ബാഗുകളിലായി 40 ലക്ഷം രൂപയോടെയാണ് പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിരിക്കുകയാണ്. അഴിമതിയാരോപണങ്ങളിൽ വലയുന്ന ബിജെപിക്ക് തെരഞ്ഞെടുപ്പ് കാലത്ത് വലിയ തിരിച്ചടിയാണ് ഈ കേസ്. നേരത്തെ, ഓരോ പ്രോജക്ടിനും എംഎൽഎമാരും മന്ത്രിമാരും 40% കമ്മീഷൻ ചോദിക്കുന്നെന്ന് കോൺട്രാക്റ്റർമാരുടെ അസോസിയേഷൻ ആരോപിച്ചിരുന്നു.