കൊഹിമ: സമൂഹത്തിന്റെ നാനാതുറകളിലും തുല്യപങ്കാളിത്തത്തോടെ വനിതകൾ ഉണ്ടെങ്കിലും രാഷ്ട്രീയ മേഖലയിലേക്ക് കയറി വരുന്നവരും നേതൃത്വത്തിൽ ഇരിക്കുന്നവരുമായ വനിതകൾ എണ്ണത്തിൽ കുറവാണ്. ഇപ്പോഴിതാ മാറത്തിന്റെ പാതയിലാണ് എല്ലാ മേഖലയും. ഇതിന്റെ ഭാഗമായി നാഗാലാൻഡിലെ തെരഞ്ഞെടുപ്പിലും താരങ്ങളായിരിക്കുകയാണ് വനിതകൾ.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് രണ്ടുവനിതകൾ. എൻഡിപിപി(നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സ്ഥാനാർത്ഥിയായി ദിമാപൂർ -III യിൽ നിന്ന് മത്സരിച്ച ഹെകാനി ജഖാലുവും വെസ്റ്റേൺ അംഗാമിയിൽ നിന്ന് മത്സരിച്ച സൽഹൗതുവോന്വോ ക്രൂസ് എന്നിവരാണ് ചരിത്രവിജയം നേടിയിരിക്കുന്നത്.
14,395 വോട്ടാണ് ഹെകാനി ജഖാലു നേടിയത്. സൽഹൗതുവോന്വോ എതിരാളിയെ 41 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 6,956 വോട്ടുകളാണ് ആകെ നേടി വിജയം നേടിയിരിക്കുന്നത്.
യുവാക്കൾക്കായുള്ള രാഷ്ട്രീയ പ്രവർത്തകരിൽ പ്രധാനിയാണ് ഹെകാനി ജഖാലു. ഒരു എൻജിഒ രൂപപ്പെടുത്തി വർഷങ്ങളായി യുവാക്കൾക്ക് വേണ്ടി പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു നാൽപത്തിയേഴുകാരിയായ ജഖാലു. എൻഡിപിപി പ്രവർത്തനത്തിലും സജീവമാണ്. ഉന്നത വിദ്യാഭ്യാസം നേടിയ ജഖാലുവിന് 2018ൽ നാരി ശക്തി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
അതേസമയം, ഇരുപത്തിനാല് വർഷത്തെ രാഷ്ട്രീയ പ്രവർത്തനാനുഭവവുമായാണ് സൽഹൗതുവോന്വോ നിയമസഭയിലെത്തുന്നത്. അന്തരിച്ച മുൻ എൻഡിപിപി നേതാവ് കെവിശേഖോ ക്രൂസിന്റെ ഭാര്യയാണ് സൽഹൗതുവോന്വോ. എൻജിഒകളിൽ തന്നെയാണ് സൽഹൗതുവോന്വോവും സജീവമായി പ്രവർത്തിക്കുന്നത്.