ഹൈദരാബാദ്: പല പ്രതിസന്ധികളോടും പോരാടി ഒടുവില്‍ പൈലറ്റാവണമെന്ന സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ അഭിമാനത്തിലാണ് സൈദ ഫാത്തിമ. വിമാനത്തിന്റെ കോക്പിറ്റ് സീറ്റിലേക്കെത്താനുള്ള സെല്‍വയുടെ യാത്ര ദുരിതം നിറഞ്ഞതായിരുന്നു.
ഇന്ന് ഹൈദരാബാദില്‍ നിന്നും ആദ്യമായി പൈലറ്റിന്റെ സീറ്റിലിരിക്കുന്ന ഹിജാബ് ധാരിയായ പെണ്‍കുട്ടിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൈദ ഫാത്തിമ. ഹൈദരാബാദിലെ മൊഗല്‍പുരയില്‍ ബേക്കറി കടക്കാരന്റെ മകളാണ് സൈദ.
ബേക്കറിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു സൈദയുടെ പിതാവ് വലിയൊരു കുടുംബം നോക്കിയിരുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും സൈദയ്ക്ക് ഫീസടക്കാനാവാതെ പഠനം ഉപേക്ഷിക്കേണ്ട അവസ്ഥ വരെ നന്നു. എന്നാല്‍ രണ്ടു വര്‍ഷത്തേക്കുള്ള ഫീസ് നല്‍കി പ്രിന്‍സിപ്പാളായ അലീഫിയ ഹുസൈന്‍ സൈദയുടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ചു.
മെഹ്ദി പട്ടണത്തിലെ സെന്റ് ആന്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ ബോട്ടണി പ്രൊഫസറായ സംഗീതയാണ് പഠിക്കാന്‍ പണം നല്‍കിയത്. അവര്‍ തന്നെ ഒരിയ്ക്കലും പഠിപ്പിച്ചിട്ടില്ലെന്നും താനവരെ വ്യക്തിപരമായി അറിയുകയുമില്ലെന്നും പക്ഷേ ദൈവത്തിന്റെ സമ്മാനമായിരുന്നു അവരെന്നും സൈദ പറയുന്നു.
നിലവില്‍ തെലങ്കാന ഏവിയേഷന്‍ അക്കാദമിയിലെ ആദ്യ വനിതാ ഓഫീസറാണ് സൈദ. തനിക്ക് എല്ലായ്‌പ്പോഴും പൈലറ്റ് ആവാനായിരുന്നു ആഗ്രഹമെന്നും പക്ഷേ ഒരു വിമാനടിക്കറ്റ് എടുക്കാന്‍ പോലും കഴിവുണ്ടായിരുന്നില്ലെന്നും ഇന്ന് ഞാന്‍ പൈലറ്റിന്റെ സീറ്റിലാണിരിക്കുന്നതെന്നും സൈദ അഭിമാനത്തോടെ പറയുന്നു.
Discussion about this post