ബാംഗ്ലൂര്‍: പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് പട്ടാപ്പകല്‍ നാട്ടുകാരുടെ മുന്നില്‍വച്ച് യുവാവ് കാമുകിയെ കുത്തികൊന്നു. ബാംഗ്ലൂരിലെ മുരുകേഷ്പാല്യയില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ആന്ധ്രാപ്രദേശിലെ കകിനാദ സ്വദേശി ലീല പവിത്ര നാലാമതി (25) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി ദിനകര്‍ ബനാല (28)യെ കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റു ചെയ്തു. മുരുകേഷ്പാല്യയിലെ ഒമേഗ ഹെല്‍ത്ത് കെയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മരണപ്പെട്ട ലീല പവിത്ര നാലാമതി. യുവതിയുടെ ഓഫീസിന് മുന്നിലായിരുന്നു സംഭവം. അറസ്റ്റിലായ ദിനകര്‍ ബനാല മറ്റൊരു ഹെല്‍ത്ത് കെയര്‍ കമ്പനിയിലെ ജീവനക്കാരനാണ്.
ഒരേ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന സമയത്താണ് ലീലയും ദിനകറും കണ്ടുമുട്ടുന്നത്. അഞ്ചുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ദിനകര്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളായതിനാല്‍ ലീലയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു.
തുടര്‍ന്ന് വീട്ടുകാര്‍ ബന്ധത്തിന് എതിരാണെന്നും അവരുടെ തീരുമാനം അനുസരിക്കുമെന്നും ലീല ദിനകറിനെ അറിയിച്ചു. ഇന്നലെ വൈകിട്ട് ലീലയുടെ ഓഫീസിന് മുന്നില്‍ ദിനകര്‍ എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ ആളുകള്‍ നോക്കിനില്‍ക്കെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ദിനകര്‍ യുവതിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. 16 തവണയോളം കുത്തി പരിക്കേല്‍പ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post