പ്രണയത്തിന് പ്രായം ഒരു വിഷയമേ അല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കോലാപൂരി വൃദ്ധസദനത്തിലെ അന്തേവാസികള്‍. അഗതി മന്ദിരത്തില്‍ വച്ച് കണ്ടുമുട്ടി പ്രണയത്തിലായ 70കാരിയും 76കാരനുമാണ് കൂട്ടുകാരുടെ പിന്തുണയോടെ ജീവിതത്തില്‍ ഒരുമിച്ചത്.
കോലാപൂരിലെ ജാങ്കി വൃദ്ധസദനത്തിലെ അന്തേവാസികളായ ശിവനക്വാഡി സ്വദേശി ബാബുറാവു പാട്ടീലും വാഗോലി സ്വദേശി അനുസയ ഷിന്‍ഡെയുമാണ് അഗതി മന്ദിരത്തിലെ അധികൃതരുടേയും അന്തേവാസികളുടെ സഹായത്തോടെ വിവാഹിതരായത്.
കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഇവര്‍ രണ്ടുപേരും വൃദ്ധസദനത്തിലാണ് താമസിക്കുന്നത്. ഇരുവരും തമ്മില്‍ ആദ്യം വലിയ പരിചയമൊന്നുമില്ലായിരുന്നെങ്കിലും എല്ലാദിവസവും കാണാന്‍ തുടങ്ങിയതോടെ പരസ്പരം സംസാരിക്കാനും അറിയാനും തുടങ്ങി. കൂടുതല്‍ അടുത്തറിഞ്ഞതോടെ ഇരുവരും നല്ല സുഹൃത്തുക്കളാകുകും പിന്നീട് ആ ബന്ധം പ്രണയമായി വളരുകയുമായിരുന്നു.
തങ്ങളുടെ ബന്ധത്തെകുറിച്ച് വൃദ്ധസദനത്തിലെ അധികാരികളെ അറിയിച്ചപ്പോള്‍ അധികാരികളുടെയും അന്തേവാസികളുടെയും ഭാഗത്തുനിന്ന് വലിയ പിന്തുണയായിരുന്നു അവര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് എല്ലാവരുടെയും സമ്മതത്തോടെ ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചു. അതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
ഇവര്‍ താമസിച്ചിരുന്ന വൃദ്ധസദനത്തിലെ തന്നെ മറ്റൊരു അന്തേവാസിയായ ഡ്രൈവര്‍ ബാബാസാഹേബ് പൂജാരിയാണ് ഇരുവരുടെയും വിവാഹത്തിന് ആവശ്യമായ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയത്. അദ്ദേഹം തന്നെയാണ് തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ വിവാഹത്തിന് സാക്ഷിയായി ഒപ്പിട്ടതും.
സുഹൃത്തുക്കളായ അന്തേവാസികള്‍ക്ക് മുന്‍പില്‍ വെച്ച് തന്നെയാണ് ഇരുവരും വിവാഹിതരായത്. ജാങ്കി വൃദ്ധസദനത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് വൃദ്ധസദന അധികാരികളും സാക്ഷികളായി. ഇവരുടെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ബാബു റാവുവിന്റെയും അനുസയയുടെയും മുന്‍ പങ്കാളികള്‍ ഏറെ വര്‍ഷക്കാലം മുന്‍പേ മരിച്ചതാണ്. വിവാഹത്തിന് ശേഷം വൃദ്ധസദനത്തില്‍ നിന്നും താമസം മാറിയ ഇരുവരും ഇപ്പോള്‍ മറ്റൊരു വീട്ടിലാണ് താമസം. പ്രായമായതിനാല്‍ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം കയ്യൊഴിഞ്ഞപ്പോള്‍ വൃദ്ധസദനത്തില്‍ അഭയം തേടിയ ഇവര്‍ ഇപ്പോള്‍ പരസ്പരം തുണയാവുകയാണ്.