ചെന്നൈ: ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൂർ സ്വദേശിനിയും താംബരം എംസിസി കോളജ് വിദ്യാർഥിനിയുമായ നിഖിത കെ.സിബി ആണു മരിച്ചത്. 19 വയസായിരുന്നു. ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
ഹെഡ്‌ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ എത്തിയതു ശ്രദ്ധിക്കാതെ പോയതാണ് അപകടത്തിന് വഴിവെച്ചത്. ഒന്നാം വർഷ ബിഎസ്സി സൈക്കോളജി വിദ്യാർഥിനിയായ നിഖിത ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ചെന്നൈ-ഗുരുവായൂർ എക്‌സ്പ്രസ് തട്ടിയാണ് അപകടം. നിഖിത സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു.