ഹൈദരാബാദ്: വിഖ്യാത സംവിധായകൻ കെ വിശ്വനാഥ് ലോകത്തോട് വിടപറഞ്ഞ് ഒരു മാസം തികയും മുൻപേ ഭാര്യ ജയലക്ഷ്മിയും യാത്രയായി. 88-ാം വയസിലാണ് വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്നാണ് ജയലക്ഷ്മി വിടപറഞ്ഞത്. വിശ്വനാഥ് അന്തരിച്ച് 24 ദിവസം പിന്നിട്ടപ്പോഴാണ് ജയലക്ഷ്മിയുടെ മരണം.
ശാരീരികമായ അസ്വസ്ഥതകളേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. തെലുങ്ക് സിനിമാ മേഖല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ജയലക്ഷ്മിയുടെ അസുഖവിവരമറിഞ്ഞ് ഏതാനും ദിവസങ്ങൾക്കുമുമ്പ് നടന്മാരായ ചിരഞ്ജീവി, പവൻ കല്യാൺ എന്നിവർ അവരെ സന്ദർശിച്ചിരുന്നു.
പത്മാവതി, രവീന്ദ്രനാഥ്, നാഗേന്ദ്രനാഥ് എന്നിവരാണ് വിശ്വനാഥിന്റെയും ജയലക്ഷ്മിയുടേയും മക്കൾ. വാണിജ്യചിത്രങ്ങൾക്കപ്പുറം കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്ക് സിനിമയ്ക്ക് ദേശീയതലത്തിൽ വലിയ ഖ്യാതി നേടിക്കൊടുത്ത സംവിധായകനാണ് കെ. വിശ്വനാഥ്. അമ്പതിൽപ്പരംചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം തിരക്കഥാകൃത്തും അഭിനേതാവും കൂടിയായിരുന്നു. തെലുങ്കിനു പുറമേ ആറ് ഹിന്ദിസിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.
Discussion about this post