പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു മുന്നിൽ ബിജെപിയുടെ വാതിൽ എന്നെന്നേക്കുമായി കൊട്ടിയടച്ചുവെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചമ്പാരനിൽ ബിജെപി റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി പദമോഹത്തിലാണ് നിതീഷ് കുമാർ ബിജെപിയുമായുള്ള സഖ്യമുപേക്ഷിച്ചു കോൺഗ്രസും ആർജെഡിയുമായി കൈകോർത്തത്.
മൂന്നു വർഷം കൂടും തോറും നിതീഷിനു പ്രധാനമന്ത്രി സ്ഥാനമോഹം കലശലാകുമെന്നും അമിത് ഷാ പരിഹസിക്കുകയും ചെയ്തു. ആർജെഡി നേതാവ് തേജസ്വി യാദവിനു മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത നിതീഷ് കുമാർ എന്നാണതു സംഭവിക്കുകയെന്നു കൂടി വ്യക്തമാക്കണം. ആർജെഡി കോൺഗ്രസ് ജംഗിൾ രാജിനെതിരെ പോരാടിയ നിതീഷ് കുമാർ തന്നെ ബിഹാറിൽ വീണ്ടും ജംഗിൾ രാജിനു വഴിയൊരുക്കി.
നിതീഷ് കുമാർ വികസന വാദിയിൽ നിന്ന് അവസരവാദിയായി അധഃപതിച്ചെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയിൽ ബിജെപിക്കായിരുന്നു സീറ്റുകൾ കൂടുതലെങ്കിലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി വാക്കു പാലിച്ചു. നിതീഷിനും ലാലുവിനും ബിഹാറിനെ പിന്നാക്കാവസ്ഥയിൽ നിന്നു കരകയറ്റാനാകില്ലെന്ന് അമിത് ഷാ പറയുന്നു.
Discussion about this post