40,000 രൂപ ചെലവിട്ട് ഉള്ളി കൃഷി: 512 കിലോ ഉള്ളി വിറ്റപ്പോള്‍ കര്‍ഷകന് കിട്ടിയത് വെറും രണ്ട് രൂപ

കോലാപൂര്‍: 40,000 രൂപ ചെലവിട്ട് ഉള്ളി കൃഷി നടത്തി, വിറ്റപ്പോള്‍ കര്‍ഷകന് കിട്ടിയത്
വെറും രണ്ട് രൂപ. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ 58 കാരനായ ന്ദ്ര തുക്കാറാം ചവാന്‍ ആണ് ആ കര്‍ഷകന്‍. 512 കിലോ ഉള്ളി രാജേന്ദ്ര 70 കിലോമീറ്റര്‍ സഞ്ചരിച്ചാണ് സോളാപൂര്‍ കാര്‍ഷിക വിള മാര്‍ക്കറ്റ് കമ്മിറ്റിയില്‍(എപിഎംസി) എത്തി ഉളളി വിറ്റത്. കിലോയ്ക്ക് ഒരു രൂപ എന്ന നിരക്കിലാണ് കര്‍ഷകന്‍ ഉളളി വിറ്റത്. എന്നാല്‍ എല്ലാ കിഴിവുകള്‍ക്കും ശേഷം 2.49 രൂപ മാത്രമായിരുന്നു ഉളളിക്ക് ലഭിച്ച വില. കൂടാതെ പോസ്റ്റ്-ഡേറ്റഡ് ചെക്ക് ആയാണ് കര്‍ഷകന് തുക ലഭിച്ചത്.

ചരക്ക് കൂലി, കയറ്റിറക്ക് കൂലി തുടങ്ങിയവ എല്ലാം കിഴിച്ച ശേഷമാണ് 2 രൂപ 49 പൈസ ബാക്കി വന്നത്. അതില്‍ 49 പൈസ വെട്ടിക്കുറച്ച് രണ്ട് രൂപ അദ്ദേഹത്തിന് നല്‍കി. ചെക്കായി നല്‍കിയ തുക മാറി കയ്യില്‍ കിട്ടണമെങ്കില്‍ 15 ദിവസം വേണ്ടിവരും.

‘ഉള്ളിക്ക് കിലോയ്ക്ക് ഒരു രൂപ കിട്ടി. 512 രൂപയില്‍ നിന്ന് 509.50 രൂപ ചരക്ക് കൂലി, കയറ്റിറക്ക് കൂലി എന്നിവയായി വ്യാപാരി കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 20 രൂപയായിരുന്നു. വിത്ത്, വളം, കീടനാശിനി എന്നിവയുടെ വില കഴിഞ്ഞ 3-4 വര്‍ഷത്തിനിടെ ഇരട്ടിയായി. ഇത്തവണ 500 കിലോ ഉള്ളി വിളയിക്കാന്‍ 40,000 രൂപയാണ് ചെലവായത്,’ കര്‍ഷകന്‍ പറയുന്നു.

എന്നാല്‍ ഉള്ളിയുടെ ഗുണമേന്മ നോക്കിയാണ് വില നിശ്ചയിക്കുന്നതെന്ന് എപിഎംസിയിലെ വ്യാപാരിയായ നസീര്‍ ഖലീഫ പറഞ്ഞു. ‘ലേലത്തിന് കൊണ്ടുവന്ന ഉള്ളി ഗുണനിലവാരം കുറഞ്ഞതായിരുന്നു. നേരത്തെ കിലോയ്ക്ക് 18 രൂപയ്ക്ക് വിറ്റ ഉയര്‍ന്ന ഗുണമേന്മയുള്ള ഉള്ളി ചവാന്‍ കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങള്‍ രസീതുകളും ചെക്കുകളും നല്‍കുന്ന പ്രക്രിയ കമ്പ്യൂട്ടര്‍വത്കരിച്ചിട്ടുണ്ട്. അതിനാല്‍ ചവാന്റെ ചെക്ക് പോസ്റ്റ്-ഡേറ്റഡ് ആയിരുന്നു. ഇത് ഒരു സാധാരണ രീതിയാണ്. ഞങ്ങള്‍ നേരത്തെയും ഇത്രയും ചെറിയ തുക ചെക്കായി നല്‍കിയിട്ടുണ്ടെന്നും വ്യാപാരി പറയുന്നു.

Exit mobile version