ഒരു മുന്നറിയിപ്പ് പോലും നല്‍കാതെ വിഡിയോകോള്‍ ചെയ്യുന്നതിനിടെ ജീവനക്കാരിയെ പിരിച്ചുവിട്ടു ഗൂഗിള്‍. 15 വര്‍ഷം സ്ഥാപനത്തിന് വേണ്ടി ജോലിചെയ്ത ദീപ്തി കൃഷ്ണയെന്ന ജീവനക്കാരിക്കാണ് ഗൂഗിളിന്റെ വക ഇരുട്ടടി.
ജോലി സംബന്ധമായ വിഡിയോ കോള്‍ പെട്ടെന്ന് വിച്ഛേദിക്കപ്പെടുകയായിരുന്നു. പിന്നാലെ സ്‌ക്രീനില്‍ തെളിയുന്നത് ‘ആക്‌സസ് ഡിനൈഡ്’ എന്ന സന്ദേശമാണ്. ഇന്റര്‍നെറ്റ് പ്രശ്നം കാരണമാണ് കോള്‍ വിച്ഛേദിക്കപ്പെട്ടതെന്ന് വിചാരിച്ച് ദീപ്തി പേജ് റീഫ്രഷ് ചെയ്തുകൊണ്ടേയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ക്ക് മുന്നില്‍ ഇവിടെ എന്റെ സമയം കഴിഞ്ഞുവെന്ന ഒരു ഇമെയിലാണ് പ്രത്യക്ഷപ്പെട്ടത്.
15 വര്‍ഷം നീണ്ടുനിന്ന തന്റെ കരിയറിലുടനീളം ദീപ്തി ഗൂഗിളിനൊപ്പമായിരുന്നു. തന്റെ ഭര്‍ത്താവിനെ കണ്ടെത്തിയത് പോലും അവിടെ നിന്നായിരുന്നു. എന്നാല്‍, അതേ ഗൂഗിള്‍, തന്നെ പിരിച്ചുവിടാന്‍ തെരഞ്ഞെടുത്ത രീതിയിലുള്ള നിരാശയാണ് ദീപ്തി കൃഷ്ണ ലിങ്ക്ഡ്ഇന്നില്‍ പുറംലോകവുമായി പങ്കുവെക്കുന്നത്.
‘എന്റെ ജീവിതത്തിന്റെ പകുതിയും ഞാന്‍ ഇവിടെയാണ് ചെലവഴിച്ചത്. എനിക്ക് അറിയാവുന്ന ഏക തൊഴില്‍ദാതാവ് ഗൂഗിളാണ്. എന്റെ ഇന്റേണ്‍ഷിപ്പ് പോലും ഇവിടെ ഉണ്ടായിരുന്നു,’ എന്ന് അവര്‍ പറയുന്നു. ഗൂഗിള്‍ ഇന്ത്യയുടെ എച്ച്ആര്‍ ഓപ്പറേഷന്‍സ് മാനേജ്മെന്റ് ആണ് ദീപ്തി കൈകാര്യം ചെയ്തിരുന്നത്. ഗൂഗിള്‍ പിരിച്ചുവിട്ട 12,000 ജീവനക്കാരില്‍ ഒരാളാണ് ദീപ്തി കൃഷ്ണന്‍.