പുലർച്ചെ 4 മണി മുതൽ രാത്രി 11 വരെ മൂന്ന് ജോലികൾ ചെയ്ത് തന്റെ ലക്ഷ്യത്തിലേയ്ക്ക് അടുക്കാനുള്ള ഓട്ടത്തിലാണ് തമിഴ്നാട് ചെന്നൈ എംജിആർ നഗർ സ്വദേശിയായ പരമേശ്വരി. വീട് വെയ്ക്കണം, ഒരു സ്കൂട്ടർ വാങ്ങണം, പരമേശ്വരിയുടെ സ്വപ്നങ്ങളിലെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ് ഇത്. ഭർത്താവ്, രണ്ടു കുട്ടികൾ, അമ്മ, സഹോദരി, അവരുടെ കുഞ്ഞ് എന്നിവർ ഉൾപ്പെട്ട കുടുംബത്തിന്റെ അത്താണിയാണ് പരമേശ്വരി.
ദിവസം 4 മണിക്കൂർ നേരം മാത്രം ഉറങ്ങി കഠിനാധ്വാനം ചെയ്യുന്ന പരമേശ്വരി ഇന്ന് മികച്ച മാതൃകയാവുകയാണ്. ഹ്യൂമൻസ് ഓഫ് മദ്രാസ് എന്ന സോഷ്യൽ മീഡിയ പേജിലാണ് പരമേശ്വരിയുടെ ജീവിതകഥ പറയുന്നത്. 20വർഷത്തോളമായി കുടുംബം പുലർത്താനുള്ള ഓട്ടത്തിലാണ് പരമേശ്വരി. പുലർച്ചെ നാല് മണിക്ക് പരമേശ്വരിയുടെ ജോലി തുടങ്ങും. ആദ്യം അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. കോയമ്പേട് അമ്മയ്ക്ക് ഒരു കടയുണ്ട്.
അവിടേക്കുള്ള സാധനങ്ങളും ശരിയാക്കും. അതിനുശേഷം പരമേശ്വരി വീട്ടുജോലിക്ക് പോകും. ഇതിനിടെ സമയം കിട്ടിയാൽ മാത്രം ഉച്ചഭക്ഷണം കഴിക്കും. ഉച്ചയ്ക്ക്ശേഷം ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥർക്ക് ചായയും കാപ്പിയും നൽകും. രാത്രി അടുത്ത ജോലിയിൽ പ്രവേശിക്കും. വഴിയോരത്തെ തട്ടുകടയിൽ പാത്രം കഴുകലാണ് ജോലി.
രാത്രി 11 മണി വരെ അത് നീളും. ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും ഉറങ്ങാനുള്ള സമയമായിട്ടുണ്ടാകും. ഭർത്താവിൽ നിന്ന് ഒരു സാമ്പത്തിക സഹായവും ഇവർക്ക് ലഭിക്കുന്നില്ല. ഇതൊന്നും പരമേശ്വരിയെയും ബാധിക്കുന്നില്ല. അവധി എടുക്കണമെങ്കിൽ ജോലി ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും പറയണമെന്നും ഒരാൾ അവധി തന്നില്ലെങ്കിൽ അതുകൊണ്ട് തനിക്ക് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും പരമേശ്വരി പറയുന്നു.
ജീവിതം എപ്പോഴും വെല്ലുവിളികൾ നിറഞ്ഞതാണ്. സന്തോഷമായിരിക്കുക എന്നത് ഒരു വെല്ലുവിളി അല്ല. അത് മാനസികമായി ഉണ്ടാകുന്നതാണ്. നമുക്ക് സന്തോഷമായി ജീവിക്കണമെന്ന് നമ്മൾ വിചാരിച്ചാൽ ഈ വെല്ലുവിളികളും പ്രതിസന്ധികളേയുമെല്ലാം തരണം ചെയ്യാൻ കഴിയും. സ്ത്രീകൾക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല. നമുക്ക് മനക്കരുത്തുണ്ടെങ്കിൽ ആർക്കും നമ്മെ വേദനിപ്പിക്കാനാകില്ല. പ്രതിസന്ധികൾ ജീവിതത്തിന്റെ ഒരു ഘട്ടമാണെന്ന് കരുതി സമാധാനത്തോടെ ഇരുന്നാൽ സന്തോഷം നമ്മെ തേടിയെത്തുമെന്നാണ് പരമേശ്വരി പറയുന്നത്.
Discussion about this post