ലഖ്നൗ: മഹാ കുംഭമേളയുടെ തയ്യാറെടുപ്പുകള്‍ക്കായി 2,500 കോടി രൂപ അനുവദിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ബുധനാഴ്ച്ച അവതരിപ്പിച്ച 2022 – 23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലാണ് കുഭമേളയ്ക്ക് പണം അനുവദിച്ചിരിക്കുന്നത്. 2025ലാണ് ഇനി കുഭമേള നടക്കാനിരിക്കുന്നത്.
12 വര്‍ഷത്തില്‍ ഒരിക്കലാണ് മഹാ കുംഭമേള നടക്കുന്നത്. അയോധ്യയിലെ മൂന്ന് പ്രവേശന റോഡുകള്‍ വീതികൂട്ടി യാത്രാസൗകര്യം വീണ്ടും മെച്ചപ്പെടുത്തുന്ന പരിപാടികള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന പറഞ്ഞു.
അയോധ്യ, വാരണാസി, ചിത്രകൂട്, വിന്ധ്യാചല്‍, പ്രയാഗ് രാജ്, നൈമിഷാരണ്യ, ഗോരഖ്പൂര്‍, മഥുര, ബതേശ്വര്‍ ധാം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടൂറിസം വികസനവും പുരോഗമിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മതപരവും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഗ്രാന്റായി 50 കോടി അനുവദിച്ചു. മതപരമായ കേന്ദ്രങ്ങളിലേക്കുള്ള പ്രധാന റോഡുകളുടെ വികസനത്തിന് 1,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
Discussion about this post