ഗുരുഗ്രാം: കോവിഡ് ബാധിക്കുമെന്ന് ഭയന്ന് മൂന്ന് വർഷമായി പത്തുവയസുകാരൻ മകനുമായി വീടിന് പുറത്തിറങ്ങാതെ ഒരമ്മ. മൂന്ന് വർഷമായി വീട്ടിൽ അടച്ചു പൂട്ടിയിരിക്കുകയായിരുന്ന അമ്മയേയും മകനേയും പോലീസെത്തിയാണ് മോചിപ്പിച്ചത്.
മുൻമുൻ മാജിയെന്ന യുവതിയും അവരുടെ പത്തു വയസ്സുള്ള മകനുമാണ് കോവിഡ് പിടികൂടുമെന്ന് ഭയന്ന് ലോക്ക്ഡൗൺ കാലം തൊട്ട് സ്വയരക്ഷയ്ക്കായി വീട്ടിൽ സ്വയം തടവറയിൽ കഴിഞ്ഞത്. ഗുരുഗ്രാമിലെ ചക്കാർപുരിലാണ് സംഭവം.
ഇരുവരുടെയും അവസ്ഥ മുൻമുനിന്റെ ഭർത്താവ് സുജൻ മാജി പോലീസിനെ അറിയിച്ചതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്. അതേസമയം, ഇരുവരും വീട്ടിലുണ്ടെന്ന വിവരം അയൽവാസികൾക്കു പോലും അറിയില്ലായിരുന്നു.
പ്രൈവറ്റ് കമ്പനിയിലെ എൻജിനീയറായ സുജനെയും ഭാര്യ വീട്ടിലേക്ക് കയറ്റാറില്ലായിരുന്നു. പിന്നീട് സുജൻ അറിയിച്ചതോടെ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് മുൻമുനെയും മകനെയും പുറത്തെത്തിച്ചത്. ഇവരിപ്പോൾ പുറത്തിറങ്ങിയ അമ്മയും മകനും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവർ പുറത്തിറങ്ങാതിരുന്നത് കോവിഡ് 19നെ ഭയന്നിട്ടാണെന്ന് പോലീസ് പറഞ്ഞു. മുൻമുനിനെ കോവിഡ് ഏറെ ഭയപ്പെടുത്തിയിരുന്നെന്നും പുറത്തിറങ്ങിയാൽ കുട്ടി മരിച്ചു പോകുമെന്നു വരെ അവർ പേടിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. 2020ലെ ആദ്യ ലോക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതിനു പിന്നാലെ വീട്ടിൽനിന്ന് ഓഫിസിലേക്കു പോയ ഭർത്താവ് സുജനെ പിന്നീട് ഭാര്യ ഇതുവരെ വീട്ടിൽ കയറാൻ അനുവദിച്ചിരുന്നില്ല.
ഇയാൾ വീഡിയോ കോളിലൂടെയാണ് കുടുംബവുമായി സംസാരിച്ചിരുന്നത്. വീടിന്റെ വാടകയും വൈദ്യുതി ബില്ലും എല്ലാം ഇയാൾ കൃത്യമായി അടച്ചിരുന്നു. വീട്ടിലേക്ക് സാധനങ്ങളും വാങ്ങി നൽകിയിരുന്നു.
പിന്നീട് ഇവരെ രക്ഷിക്കാനായി പോലീസും സാമൂഹ്യപ്രവർത്തകരും എത്തിയപ്പോൾ വൃത്തിഹീനമായ വീടും പരിസരവുമാണ് കണ്ടത്. അലക്കാത്ത വസ്ത്രങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്ന അവസ്ഥയിലായിരുന്നു. കൂടാതെ, ഭക്ഷണാവശിഷ്ടങ്ങളും ഇരുവരുടെയും വെട്ടിക്കളഞ്ഞ മുടിയും ഉൾപ്പെടെ വീടിനകം നിറഞ്ഞ് വൃത്തിഹീനമായ സാഹചര്യമായിരുന്നു വീട്ടിലെന്ന് പോലീസ് അറിയിച്ചു.
Discussion about this post