ഹൈദരാബാദ്: ഇരട്ടക്കുഞ്ഞുങ്ങളെയും കൊണ്ട് കിണറ്റില്‍ച്ചാടിയ യുവതി മരിച്ചു. കുഞ്ഞുങ്ങളും മരിച്ചു. ബീദ സന്ധ്യ റാണി എന്ന 29 കാരിയും മക്കളുമാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുമോ എന്ന് ഭയന്നാണ് യുവതി ജീവനൊടുക്കിയത്. ബന്ധുവായ ബീദ നര്‍സിംഗ് റാവുവാണ് സന്ധ്യാ റാണിയുടെ ഭര്‍ത്താവ്. 2012ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 2017 ല്‍ സന്ധ്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി.
എന്നാല്‍ കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. 2018ല്‍ സന്ധ്യ ജന്മം നല്‍കിയ പെണ്‍കുഞ്ഞും താമസിയാതെ മരണപ്പെട്ടു. ഈ മാസം പതിനൊന്നിനാണ് വീണ്ടും സന്ധ്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇതില്‍ പെണ്‍കുഞ്ഞിന് ആരോഗ്യ പ്രശ്‌നമൊന്നും ഇല്ലായിരുന്നു.
എന്നാല്‍ ഭാരക്കുറവിനെ തുടര്‍ന്ന് ആണ്‍കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്ന് ദിവസം മുന്‍പ് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു പോയി. ഇതിന് ശേഷം സന്ധ്യ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. കുഞ്ഞിന് വീണ്ടും അസുഖം വരുമോ എന്ന് പേടിച്ചിരുന്നു.
ഞായറാഴ്ച രാത്രിയോടെയാണ് സന്ധ്യയേയും കുഞ്ഞുങ്ങളേയും കാണാതായത്.തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.