ചെന്നൈ: തനിക്ക് അവിശ്വാസികളെ ഇഷ്ടമല്ല, അവിശ്വാസികളുടെ നാശത്തിനായി പ്രാര്‍ഥിക്കുമെന്നും കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത് ഏറെ വിവാദമായിരുന്നു. സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്.
മുന്‍പും താന്‍ നിരീശ്വരവാദിയാണെന്ന് പലവട്ടം തുറന്നുപറഞ്ഞിട്ടുള്ള നടനാണ് വിജയ് സേതുപതി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകളാണ് സോഷ്യലിടത്തിന്റെ കൈയ്യടി നേടുന്നത്.
”ഞാന്‍ ഒരു നിരീശ്വരവാദിയാണ്. പക്ഷേ നിങ്ങള്‍ ഭസ്മം തന്നാല്‍ ഞാന്‍ വാങ്ങിക്കും. നിങ്ങള്‍ എന്തെങ്കിലും തീര്‍ത്ഥം തന്നാലും ഞാന്‍ വാങ്ങി കുടിക്കും. കാരണം ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു. എന്നോടുള്ള സ്നേഹം കൊണ്ടാണല്ലോ ഒരാള്‍ അത് തരുന്നത്, അല്ലേ.. ഞാന്‍ മറ്റൊരാളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല. ഇത് എന്റെ ചിന്തയാണ്.
അതുകൊണ്ട് ഇതാണ് ശരി എന്ന് ഞാന്‍ ആരോടും തര്‍ക്കിക്കുകയും ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സഹജീവികളെ ബഹുമാനിക്കുന്നു.. സ്നേഹിക്കുന്നു.. അവരെയാണ് ഞാന്‍ ദൈവമായി കാണുന്നത്. എനിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മറ്റൊരു മനുഷ്യനെ സഹായിക്കാന്‍ വരുള്ളൂ. അതുകൊണ്ട് ഞാന്‍ മനുഷ്യനെയാണ് നോക്കുന്നത് എന്ന് അര്‍ത്ഥം.
ഞാന്‍ എന്റെ അമ്മയോട് ക്ഷേത്രത്തില്‍ പോയി വരാന്‍ പറയാറുണ്ട്. അവിടെ പോയാല്‍ സമാധാനം കിട്ടും. ഒരു ആവശ്യവും ഉന്നയിക്കാതെ, ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ. സമാധാനത്തോടെ പോയി വരൂ എന്ന് പറയും. ഞാന്‍ അത് നോക്കിക്കാണുന്ന വിധം മറ്റൊരു തരത്തിലാണ്. ഒരു വിശ്വാസം നമുക്ക് ആവശ്യമായി വരും. സത്യത്തില്‍ അതൊരു ആവശ്യമാണ്. അതെനിക്ക് മറ്റൊരു തരത്തില്‍ ലഭിക്കുന്നെന്ന് മാത്രം, എന്നാണ് താരത്തിന്റെ വാക്കുകള്‍.