മുംബൈ: ശിവസേന ബിജെപിയെ ചോദ്യം ചെയ്ത് അയോധ്യയിലേക്ക്. തെരഞ്ഞെടുപ്പ് അടുത്തതോടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്താനുള്ള ശ്രമങ്ങത്തിലാണ് ശിവസേന. നവംബര്‍ 25നു ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കും. എന്തുകൊണ്ടു രാമക്ഷേത്രം നിര്‍മിക്കുന്നില്ലെന്നു നരേന്ദ്രമോഡിയെ ‘ചോദ്യം ചെയ്യുന്നതിന്റെ’ ഭാഗമായാണു സന്ദര്‍ശനമെന്നും പാര്‍ട്ടിയുടെ വാര്‍ഷിക ദസറ റാലിയെ അഭിസംബോധന ചെയ്ത് ഉദ്ധവ് പറഞ്ഞു.
‘ഞാന്‍ നവംബര്‍ 25ന് അയോധ്യയിലേക്കു പോകും. എന്തുകൊണ്ട് ക്ഷേത്ര നിര്‍മാണം വൈകുന്നുവെന്നു പ്രധാനമന്ത്രിയോടു ചോദിക്കും. ഞങ്ങള്‍ മോഡിയുടെ ശത്രുക്കളല്ല. എന്നാല്‍ ജനങ്ങളുടെ വികാരങ്ങളെ അവഗണിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശിവസേന തയാറല്ല…’ ഉദ്ധവ് പറഞ്ഞു. ഇക്കഴിഞ്ഞ നാലരവര്‍ഷത്തിനിടെ മോഡി എന്തുകൊണ്ട് അയോധ്യ സന്ദര്‍ശിച്ചില്ലെന്നും ഉദ്ധവ് ചോദിച്ചു.
മഹാരാഷ്ട്രയെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കാന്‍ വൈകിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും ഉദ്ധവ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. 2014നു സമാനമായി ബിജെപിക്ക് അനുകൂലമായ തരംഗം ഇപ്പോള്‍ രാജ്യത്തു നിലനില്‍ക്കുന്നില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നിലപാടു കൂടി വ്യക്തമാക്കി ഉദ്ധവ് പറഞ്ഞു.
ശിവസേന പ്രവര്‍ത്തകരോടെല്ലാം തിരഞ്ഞെടുപ്പിന് ഒരുങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ശിവസേന ഭാവി തിരഞ്ഞെടുപ്പുകളിലെല്ലാം ഒറ്റയ്ക്കു മത്സരിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post