ബംഗളൂരു: രാമന്റെയും ഹനുമാന്റെയും മണ്ണില്‍ ടിപ്പുവിനെ സ്നേഹിക്കുന്നവര്‍ ജീവിക്കരുതെന്ന് വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി പ്രസിഡന്റ് നളിന്‍കുമാര്‍ കട്ടീല്‍. 18ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ പിന്മുറക്കാരും ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തരും തമ്മിലാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പെന്ന് നളിന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു.
”നമ്മള് രാമന്റെയും ഹനുമാന്റെയും ഭക്തരാണ്. ടിപ്പുവിന്റെ പിന്മുറക്കാരല്ല. ടിപ്പുവിന്റെ പിന്മുറക്കാരെ നമ്മള് തിരിച്ചയക്കും. നിങ്ങള്‍ ഹനുമാനെ ആരാധിക്കുന്നവരാണോ അതോ ടിപ്പുവിനെ വാഴ്ത്തിപ്പാടുന്നവരാണോ. ടിപ്പുവിനെ സ്നേഹിക്കുന്നവര്‍ ഹനുമാന്റെ മണ്ണില്‍ ജീവിക്കരുത്. ശ്രീരാമ ഭജനുകള്‍ ആലപിക്കുന്നവരും ഹനുമാനെ ആരാധിക്കുവരുമാണ് ഈ മണ്ണില്‍ ജീവിക്കേണ്ടത്” – കട്ടീല്‍ പറഞ്ഞു.
യെലബുര്‍ഗയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കവെയാണ് കട്ടീലിന്റെ വിവാദ പരാമര്‍ശം. പരാമര്‍ശത്തെ തുടര്‍ന്ന് കട്ടീലിനെതിരെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിക്കുകയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.
ടിപ്പു സുല്‍ത്താന്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബ പിന്മുറക്കാര് പ്രതികരിച്ചു. നേരത്തെ അമിത് ഷായും ടിപ്പു സുല്‍ത്താന്‍ വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. ജെഡിഎസിനും കോണ്‍ഗ്രസിനും വോട്ടുചെയ്യുന്നവര്‍ ടിപ്പുവിന്റെ പിന്മുറക്കാര്ക്കാണ് പിന്തുണ നല്‍കുന്നതെന്നും റാണി അബ്ബക്കയെ വിശ്വസിക്കുന്നവര്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്യണമെന്നുമാണ് അമിത് ഷാ പറഞ്ഞത്. മേയിലാണ് കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ്.
ബിജെപി നേതാവിന്റെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനമാണെന്നും നടപടിയെടുക്കണമെന്നും അസദുദ്ദീന്‍ ഒവൈസി എംപി പറഞ്ഞു. 2018ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ടിപ്പുവിനെതിരെ പരാമര്‍ശമുന്നയിച്ചിരുന്നു. ഇത് ഹനുമാന്റെ മണ്ണാണെന്നും ടിപ്പുവിന്റേതല്ലെന്നുമാണ് യോഗി പറഞ്ഞത്. വിജയനഗര സാമ്രാജ്യത്തിന് പകരം ടിപ്പുവിന്റെ ഭരണത്തെയാണ് കോണ്‍ഗ്രസ് ആരാധിച്ചതെന്നും അന്ന് യോഗി പറഞ്ഞിരുന്നു.
Discussion about this post