തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍…

പൂണെ: തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍. ഭൂമാതാ ബ്രിഗേഡ് നേതാവും സത്രീ വിമോചന പ്രവര്‍ത്തകയുമായുമാണ് തൃപ്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഷിര്‍ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

തൃപ്തി ഇന്ന് ക്ഷേത്രസന്ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്നും അ ആവശ്യപ്പെട്ട് അഹമ്മദ്‌നഗര്‍ എസ്പിക്ക് ഇവര്‍ കത്തയച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചില്ലെങ്കില്‍ അദ്ദേഹത്തെ വഴിയില്‍ തടയുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തൃപ്തി ദേശായി രംഗത്തെത്തിയിരുന്നു. മുത്തലാഖ് വിഷയത്തില്‍ സ്ത്രീപക്ഷമാകുന്ന മോദിസര്‍ക്കാര്‍, സുപ്രീംകോടതി വിധിയുണ്ടായിട്ടും ശബരിമല വിഷയത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് തൃപ്തിദേശായി ചോദിച്ചിരുന്നു.

അയ്യപ്പ ഭക്തരായ സ്ത്രീകളെ ബിജെപി സര്‍ക്കാര്‍ എന്തുകൊണ്ടാണ് തടയുന്നത് വ്യക്തമല്ലെന്നും ഇന്ന് മഹാരാഷ്ട്ര ഷിര്‍ദി ക്ഷേത്രം സന്ദര്‍ശിക്കുന്ന മോഡിക്ക് മുന്നില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നുമായിരുന്നു തൃപ്തി ദേശായി പറഞ്ഞത്.

സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി പറഞ്ഞിരുന്നു. ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ പ്രവേശിക്കും. തിയ്യതി തീരുമാനിച്ചിട്ടില്ല. ഒരു കൂട്ടം സ്ത്രീകള്‍ക്ക് ഒപ്പമായിരിക്കും താന്‍ എത്തുകയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി ദേശായി ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ്. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീപ്രവേശനം നേടിയെടുക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണിവര്‍.

Exit mobile version