ഭോപ്പാല്‍; പരമാവധി 50 ലിറ്റര്‍ പെട്രോള്‍ ഉള്‍ക്കൊള്ളുന്ന കാറിന്റെ ഇന്ധന ടാങ്കില്‍ 57 ലിറ്റര്‍ ഇന്ധനം നിറച്ചെന്ന് കാണിച്ച് ജീവനക്കാരന്‍ തട്ടിപ്പ് കൈയ്യോടെ പൊക്കി ഹൈക്കോടതി ജഡ്ജി. ഒടുവില്‍ പെട്രോള്‍ പമ്പ് പൂട്ടിച്ചു. ഭോപ്പാലിലാണ് സംഭവം.
പെട്രോള്‍ പമ്പിലെത്തി കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജീവനക്കാര്‍ നടത്തുന്ന തട്ടിപ്പ് പിടികൂടിയത്. 50 ലിറ്റര്‍ മാത്രം പരമാവധി ഉള്‍ക്കൊള്ളാവുന്ന കാറിന്റെ ഇന്ധന ടാങ്കില്‍ അനായാസം 57 ലിറ്റര്‍ പെട്രോള്‍ നിറച്ചതായി കാണിച്ചായിരുന്നു ജഡ്ജിന് ബില്‍ ലഭിച്ചത്.
അധികമായി ഏഴ് ലിറ്ററിന് പണം ഈടാക്കാന്‍ ശ്രമിച്ചത് കാറിന്റെ പുറകു വശത്തെ സീറ്റിലിരുന്ന് ശ്രദ്ധിച്ച ജഡ്ജി ഉടനെ തന്നെ തദ്ദേശ സ്ഥാപനത്തിലെ അധികൃതരെ വിളിച്ചു വരുത്തി പമ്പ് അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
സംഭവത്തില്‍ ജില്ലാ കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം അന്വേഷണ പാനലിനെ പ്രഖ്യാപിച്ചിട്ടുണ്ട്. മെഷീനുകളില്‍ അടക്കം കൃത്രിമം നടന്നിട്ടുണ്ടോ എന്ന പരിശോധന നടത്തിയതിന് ശേഷം മാത്രമായിരിക്കും പമ്പിന് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുക.
അതേസമയം ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ പലഭാഗത്തു നിന്നുമുള്ള പെട്രോള്‍ പമ്പുകളില്‍ ഇന്ധനത്തിന്റെ അളവിലും ഗുണത്തിലും കൃത്രിമം കാണിക്കുന്നതായി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post