കാൺപുർ: കൈയേറ്റ ഭൂമിയിലെ വീട് ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും തീപൊള്ളലേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ കാൺപുരിലാണ് ദാരുണ സംഭവം. 45-കാരിയായ സ്ത്രീയും അവരുടെ 20 വയസ്സുള്ള മകളുമാണ് മരിച്ചത്. ഉള്ളിൽ ആളുണ്ടായിരിക്കെ പോലീസ് കുടിലിന് തീയിട്ടതായാണ് കുടുംബത്തിന്റെ ആരോപണം.
‘ആളുകൾ അകത്തുള്ളപ്പോൾ തന്നെ അവർ കുടിലുകൾക്ക് തീയിട്ടു. ഞങ്ങൾ ഓടി രക്ഷപ്പെട്ടതാണ്. അവർ ഞങ്ങളുടെ ക്ഷേത്രവും തകർത്തു. ജില്ലാ മജിസ്ട്രേറ്റ് പോലും ഒന്നും ചെയ്തില്ല. എല്ലാവരും ഓടി. എന്റെ അമ്മയെ ആർക്കും രക്ഷിക്കാനായില്ല’ ശിവറാം ദീക്ഷിത് എന്നയാൾ പറഞ്ഞു. ഇയാളുടെ അമ്മയും സഹോദരിയുമാണ് മരിച്ചത്. എന്നാൽ, ഇരുവരും സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പോലീസ് വാദം. അതേസമയം, സംഭവത്തിൽ കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു.
സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, പോലീസ് ഉദ്യോഗസ്ഥർ, ബുൾഡോസർ ഓപ്പറേറ്റർ തുടങ്ങി 13 പേർക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. കൊലപാതക ശ്രമം, സ്വയം മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കാൺപുരിലെ മദൗലി ഗ്രാമത്തിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച ജില്ലാ ഭരണകൂടവും പോലീസും ചേർന്ന് സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ കൈകൊണ്ടിരുന്നു.
ബുൾഡോസറുമായി രാവിലെ എത്തിയ ഉദ്യോഗസ്ഥർ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി ഒരു തരത്തിലുള്ള നോട്ടീസും നൽകിയിരുന്നില്ലെന്ന് ഗ്രാമവാസികൾ ആരോപിച്ചു. അമ്മയുടെയും മകളുടെയും മരണത്തെ തുടർന്ന് ഗ്രാമവാസികളും പോലീസും തമ്മിൽ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. പോലീസിന് നേരെ ഗ്രാമവാസികൾ കല്ലുകളും മറ്റും എറിഞ്ഞു, ഇതോടെ പോലീസ് സ്ഥലത്ത് നിന്ന് തടിയൂരി. നാട്ടുകാർ പ്രതിഷേധം വ്യാപിപ്പിച്ചതോടെ അഡീഷണൽ ഡിജിപി അലോക് സിങും ഡിവിഷണൽ കമ്മീഷണർ രാജ് ശേഖറും സ്ഥലം സന്ദർശിച്ചു. അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഇവർ ഉറപ്പ് നൽകുകയും ചെയ്തു.
Discussion about this post