മംഗളൂരു: വാലന്റൈന്‍സ് ഡേയ്ക്കായി പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കുന്നതും കൈമാറുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. എല്ലാ വ്യാപാര സ്ഥാപനങ്ങളോടും പ്രത്യേകിച്ച് മംഗളൂരുവിലെ ഗിഫ്റ്റ് സെന്ററുകളോടും പ്രണയദിനാഘോഷങ്ങളെ പിന്തുണക്കരുതെന്ന് ബജ്‌റംഗ്ദള്‍ ദക്ഷിണ കന്നട ജില്ല കണ്‍വീനര്‍ നവീന്‍ മുഡുഷെഡ്ഡെ ആവശ്യപ്പെട്ടു.
പ്രണയ ദിനത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കരുത്. തനത് സംസ്‌കാരത്തിന് പേരുകേട്ട രാജ്യമാണ് ഇന്ത്യ. എന്നാല്‍ യുവാക്കള്‍ പാശ്ചാത്യ സംസ്‌കാരത്തില്‍ സ്വാധീനം ചെലുത്തുന്നു. പ്രണയദിനത്തിന്റെ പേരില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്- നവീന്‍ മുഡുഷെഡ്ഡെ പറഞ്ഞു.
പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് ഫെബ്രുവരി ആറിന് രംഗത്തെത്തിയിരുന്നു. പിന്നീട് വിവാദ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. ഉത്തരവ് പിന്‍വലിക്കാന്‍ കാരണമെന്താണെന്നതിനെ കുറിച്ച് സര്‍ക്കുലറില്‍ പരാമര്‍ശിച്ചിട്ടില്ല.
44കൗ ഹഗ് ഡേ സര്‍ക്കുലറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചിരിക്കുന്നത്. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.
മൃഗങ്ങളോട് അനുകമ്പ കാണിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നാണ് മൃഗസംരക്ഷണ ബോര്‍ഡ് വ്യക്തമാക്കിയിരുന്നത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം കാരണം ആളുകള്‍ പാരമ്പര്യങ്ങളില്‍ നിന്നും അകലുകയാണ്. പൊതുജനങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ നഷ്ടപ്പെടുന്ന താല്‍പര്യം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണിതെന്നും കേന്ദ്രം പറഞ്ഞിരുന്നു.